സമരക്കാർക്കിടയിൽ ഭിന്നത; രണ്ട് സംഘടനകൾ കേന്ദ്ര വിരുദ്ധ സമരത്തിൽ നിന്ന് പിന്മാറി

Wednesday 27 January 2021 6:32 PM IST

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കർ‌ഷക സംഘടനകൾക്കിടയിൽ ഭിന്നത. ഒരു സംഘടന സമരത്തിൽ നിന്ന് പിന്മാറി. സിംഖു അതിർത്തിയിൽ മ‌റ്റ് സംഘടനകൾക്കൊപ്പമല്ലാതെ പ്രത്യേകം സമരം ചെയ്‌തിരുന്ന വി.എം സിംഗ് നേതൃത്വം നൽകുന്ന കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മി‌റ്റിയാണ് സമരത്തിൽ നിന്ന് പിൻമാറിയതായി അറിയിച്ചത്. എന്നാൽ ഈ സംഘടന കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചതുകൊണ്ട് സമരത്തിൽ നിന്ന് മുൻപേ മാ‌റ്റിയിരുന്നതായാണ് സംയുക്ത കിസാൻ മോർച്ച അറിയിച്ചത്.

അതേസമയം റാലിയ്‌ക്കിടയിൽ ഇന്നലെയുണ്ടായ സംഘർഷത്തെ തുടർന്നാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് വി.എം സിംഗ് അറിയിച്ചത്. എന്നാൽ റിപബ്ളിക് ദിനത്തിലെ സമരത്തിൽ ഇവരും പങ്കെടുത്തിരുന്നു. തുടക്കം മുതൽതന്നെ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മി‌റ്റിയ്‌ക്ക് കേന്ദ്ര അനുകൂല നിലപാടാണുള‌ളതെന്ന് സംയുക്ത കിസാൻ മോർച്ച കു‌റ്റപ്പെടുത്തി. ഭാരതീയ കിസാൻ യൂണിയൻ എന്ന സംഘടനയും സമരത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ചിട്ടുണ്ട്. മിനിമം താങ്ങുവില ഉറപ്പുതരുന്നത് വരെ കേന്ദ്രത്തിനെതിരെ സമരം ചെയ്യുമെന്നാണ് വി.എം സിംഗ് പറഞ്ഞത്. എന്നാൽ അക്രമ സമരത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ നടന്ന അക്രമസമരത്തിനെതിരെ പൊലീസ് കേസിൽ വി.എം സിംഗും പ്രതിയാണ്.

കർഷക സമരം സംഘർഷത്തിലെത്തിയതിൽ കേന്ദ്ര സർക്കാരിനെ കോൺഗ്രസും വിമർശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ‌യ്‌ക്കാണ് വീഴ്‌ചകളുടെ പൂർണ ഉത്തരവാദിത്വമെന്നും അമിത്ഷാ രാജിവക്കണമെന്നും കോൺഗ്രസ് ആവശ്യം ഉന്നയിച്ചു. സമാധാനപരമായിരുന്ന കർഷകസമരം ആക്രമാസക്‌തമായത് കേന്ദ്രസർക്കാർ ഗൂഢാലോചനയാണെന്നും കോൺഗ്രസ് ആരോപണം ഉയർത്തി.