രാഷ്‌‌ട്രീയ പോസ്റ്റുകളും, ചർച്ചകളും നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്

Thursday 28 January 2021 7:12 AM IST

വാഷിംഗ്ടൺ: ന്യൂസ്ഫീഡിൽ നിന്ന് രാഷ്ട്രീയ പോസ്റ്റുകൾ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചർച്ചകൾ നിയന്ത്രിക്കുമെന്നും, ഇതിനായി അൽഗോരിതത്തിൽ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു. രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേഷനുകൾ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അനീതിക്കെതിരേ സംസാരിക്കാനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ളവരിൽ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനോ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകാം. എന്നാല്‍ രാഷ്ട്രീയമോ, പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളില്‍ നിന്ന് ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താല്പര്യമില്ലെന്നാണ് കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിച്ച പ്രതികരണം.'-അദ്ദേഹം പറഞ്ഞു

കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ട്രംപിനും ചില അനുയായികൾക്കുമെതിരെ ഫേസ്ബുക്ക് നിയന്ത്രണങ്ങൾ എർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ ലോകവ്യാപകമായി നടപ്പാക്കുമെന്നാണ് മാർക്ക് സക്കർബർഗ് അറിയിച്ചത്.