'കേരളത്തിൽ എന്റെ പേരിൽ ഗ്രൂപ്പില്ല'; സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡ് ഇടപെടലുണ്ടാകില്ലെന്ന് കെ സി വേണുഗോപാൽ

Thursday 28 January 2021 9:23 AM IST

കണ്ണൂർ: കേരളത്തിൽ തന്റെ പേരിൽ ഗ്രൂപ്പ് സജീവമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സ്ഥാനാർത്ഥി നി‍ർണയത്തിൽ ഹൈക്കമാൻഡ് ഇടപെടലുണ്ടാകില്ല. കേരളത്തിൽ അധികാരത്തിനായി സി പി എം പച്ചയ്ക്ക് വർഗീയത പറയുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റെന്ന ലീഗിന്റെ ആവശ്യം ചർച്ചയിലൂടെ തീരുമാനിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. സോളാറിൽ സി ബി ഐ വന്നാൽ അന്വേഷണത്തെ തടസപ്പെടുത്തില്ല. തനിക്കെതിരായ ലൈംഗിക ആരോപണം 2014ൽ ജനം തളളിയതാണെന്നും വേണുഗോപാൽ അവകാശപ്പെട്ടു.

രാഷ്ട്രീയ പ്രേരിതമായി പെരുമാറുമെന്ന പ്രതീക്ഷയിലാണ് സി ബി ഐയെ കേസ് ഏൽപ്പിച്ചത്. എ ഐ സി സിയിൽ അദ്ധ്യക്ഷനെച്ചൊല്ലി ഭിന്നതയുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അക്കാര്യങ്ങളൊക്കെ മാദ്ധ്യമസൃഷ്‌ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.