മുന്നിട്ടിറങ്ങി ഡോവൽ, അമേരിക്കയിലെ ബൈഡൻ ഭരണകൂടവുമായി ഇന്ത്യയുടെ ആദ്യത്തെ ഉന്നതതല സംഭാഷണത്തിന് അപ്രതീക്ഷിത തുടക്കം 

Thursday 28 January 2021 12:34 PM IST

ന്യൂഡൽഹി : അമേരിക്കയിൽ ജോ ബൈഡൻ അധികാരമേറ്റ ശേഷം ഇന്ത്യൻ സർക്കാരുമായുള്ള ആദ്യത്തെ ഉന്നത തല ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ ബൈഡൻ ഭരണകൂടത്തിലെ സമാന സ്ഥാനം വഹിക്കുന്ന ജാക്ക് സല്ലിവനുമായി ടെലഫോണിലൂടെ ചർച്ച നടത്തി. ഈ സംഭാഷണത്തിന് തൊട്ടു പിന്നാലെ പുതുതായി നിയമിതനായ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇന്ത്യൻ പ്രതിരോധ മന്ത്രിയെ ഫോണിൽ വിളിച്ച് ആശയവിനിമയം നടത്തി. മോദി സർക്കാരും ജോ ബൈഡൻ ഭരണകൂടവും തമ്മിലുള്ള ആദ്യത്തെ ഉന്നതതല ഇടപെടലായിരുന്നു ഈ ഫോൺ കോളുകൾ.

പ്രതിരോധ സെക്രട്ടറിയുമായി സംഭാഷണം നടത്തിയതായി രാജ്നാഥ് സിംഗ് ട്വീറ്റിലൂടെയാണ് അറിയിച്ചത്. പ്രതിരോധ സെക്രട്ടറിയായി നിയമനം കിട്ടിയതിന് ലോയ്ഡ് ഓസ്റ്റിനെ അഭിനന്ദിച്ച രാജ്നാഥ് സിംഗ് യു എസുമായി പ്രതിരോധ സഹകരണം കൂടുതൽ ദൃഢമാക്കുവാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഖ്യം കൂടുതൽ ശക്തമാക്കുന്നതിനായി യോജിച്ച് പ്രവർത്തിക്കാമെന്ന് രണ്ട് പേരും സമ്മതിച്ചു. പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങൾ അഭിപ്രായങ്ങൾ കൈമാറിയെന്നും രാജ്നാഥ് സിംഗ് ട്വീറ്റിൽ വ്യക്തമാക്കുന്നു.

അതേസമയം ഇന്തോ പസഫിക് മേഖലയിലും അതിനപ്പുറത്തും സ്ഥിരത കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. അജിത് ഡോവൽ നടത്തിയ ചർച്ചയിൽ ഉയർന്ന തീരുമാനങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. പ്രമുഖ ജനാധിപത്യ രാജ്യങ്ങളെന്ന നിലയിൽ ഭീകരത, സമുദ്ര സുരക്ഷ, സൈബർ സുരക്ഷ, സമാധാനം എന്നിവയുൾപ്പെടെയുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും യു എസും പരസ്പരം യോജിച്ച് മുന്നേറും. ട്രംപിന്റെ ഭരണകാലത്ത് ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ടോപ് ഗിയറിൽ മുന്നേറിയിരുന്നു. എന്നാൽ ഇതിന് വലിയ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ ബൈഡൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.