ദീപ് സിദ്ധുവിനെ തടഞ്ഞ് കർഷകർ, ട്രാക്ടറിൽ നിന്ന് ഇറങ്ങിയോടുന്ന വീഡിയോ പുറത്ത്

Thursday 28 January 2021 1:36 PM IST

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയെന്ന് ആരോപണം നേരിടുന്ന പഞ്ചാബി നടൻ ദീപ് സിദ്ധുവിനെ തടഞ്ഞ് കർഷകർ. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കർഷകരിൽ നിന്ന് ഓടി രക്ഷപ്പെടുന്ന സിദ്ധുവാണ് വീഡിയോയിലുള്ളത്.

ട്രാക്ടറിലുള്ള സിദ്ധുവിനടുത്തേക്ക് കർഷകർ എത്തുന്നതും, സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് ട്രാക്ടറിൽ നിന്ന് ഇറങ്ങി ബൈക്കിൽ കയറി പോവുകയായിരുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് സിദ്ധുവിനെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

സിദ്ധു അക്രമമുണ്ടാക്കാൻ ആഹ്വാനം ചെയ്തിരുന്നുവെന്ന് കർഷക നേതാക്കൾ ആരോപിച്ചു. 'പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോൾ ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തുക മാത്രമാണ് ചെയ്തത്'' സിദ്ധു പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സണ്ണി ഡിയോളിനുമൊപ്പം സിദ്ധു നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.