'അന്ന്, എന്നെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞത് പൃഥ്വി മാത്രമായിരുന്നു... ഇപ്പോഴും അദ്ദേഹം ആ പഴയ ആൾ തന്നെയാണ്'; വമ്പൻ പ്രഖ്യാപനവുമായി ഉണ്ണി മുകുന്ദൻ
സോഷ്യൽ മീഡിയ വഴി വമ്പൻ പ്രഖ്യാപനവുമായി നടൻ ഉണ്ണി മുകുന്ദൻ. മലയാളത്തിലെ യുവ സൂപ്പർതാരമായ പൃഥ്വിരാജുമായി താൻ ആദ്യമായി തിരശീല പങ്കിടാൻ പോകുന്ന വിവരമാണ് ഉണ്ണി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുന്നത്. സൂപ്പർഹിറ്റ് ഹിന്ദി ചിത്രം 'അന്ധാദുനി'ന്റെ മലയാളം റീമേക്കായ 'ഭ്രമം' എന്ന ചിത്രത്തിലൂടെയാണ് ഇതുണ്ടാകുകയെന്നും ഉണ്ണി പറയുന്നു.
ഏറെ നാളുകൾക്കു ശേഷമാണ് ഇങ്ങനെയൊരു അവസരം വന്നുചേർന്നതെന്നും അതിൽ തനിക്ക് അങ്ങേയറ്റം സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. പൃഥ്വിക്കൊപ്പം താൻ നിൽക്കുന്ന ചിത്രവും ഉണ്ണി തന്റെ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. ഒപ്പം, പൃഥ്വിരാജുമായി ബന്ധപ്പെട്ട ചെറിയൊരു ഓർമ്മയും അദ്ദേഹം പങ്കുവച്ചു. പൃഥ്വിയെയും ഉണ്ണിയെയും കൂടാതെ മംമ്ത മോഹൻദാസ്, രാശി ഖന്ന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുക.
കുറിപ്പ് ചുവടെ:
'ഈയൊരെണ്ണം വളരെ സ്പെഷ്യലാണ്.
'ഭ്രമം' സിനിമയിൽ ജോയിൻ ചെയ്തു. എന്റെ ഓർമ്മ ശരിയാണെങ്കിൽ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള എന്റെ ആദ്യത്തെയും, ആകെ എന്റെ കൈയ്യിലുള്ളതുമായ ചിത്രം ഇതാണ്.
ഒരു ചെറിയ ത്രോബാക്ക് >>
വർഷങ്ങൾക്ക് മുൻപ്, ഞാൻ അഭിനയം തുടങ്ങുന്ന സമയത്ത്, ഒരു ക്രിക്കറ്റ് മാച്ചിന് ശേഷമുള്ള ഒരു ചെറിയ ഗെറ്റ്-ടുഗദറിൽ ഞാൻ പങ്കെടുത്തിരുന്നു. ഒരു ഓട്ടോറിക്ഷയിലായിരുന്നു ഞാൻ ഈ പരിപാടിക്കെത്തിയത്. എന്റെ കൈവശം അപ്പോൾ വണ്ടിയൊന്നുമില്ലായിരുന്നു. ശേഷം, രാത്രി ഏറെ വൈകി, എല്ലാവരും മടങ്ങുന്ന സമയത്ത് പൃഥ്വി മാത്രമാണ് എന്നോട് വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞുകൊണ്ട് റൈഡ് ഓഫർ ചെയ്തത്. അന്ന് പൃഥ്വിയുടെ 'മാന്യപുരുഷന്റെ പ്രവൃത്തി' സ്നേഹപൂർവം അവഗണിച്ചുവെങ്കിലും, ഏറെ സന്തോഷത്തോടെയാണ് ഞാൻ അന്ന് വീട്ടിലേക്ക് മടങ്ങിയത്. താങ്കൾ ഇപ്പോഴും ആ പഴയ ആൾ തന്നെയാണ്. സഹായമനസ്കനും അങ്ങേയറ്റം പോസിറ്റീവും.
ഏറെ കഴിഞ്ഞായാലും, താങ്കളോടൊപ്പം തിരശീല പങ്കിടാൻ സാധിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ട്.'