ആരോപണം തള്ളി പി.കെ.ഫിറോസ്

Wednesday 03 February 2021 12:37 AM IST

കോഴിക്കോട് : കത്വ, ഉന്നാവോ പീനഡക്കേസുകളിലെ ഇരകളുടെ കുടുംബ സഹായ ഫണ്ടിലെ ഒരു കോടി തട്ടിച്ചെന്ന യൂത്ത് ലീഗ് ദേശീയ നേതാവിന്റെ ആരോപണം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തള്ളി.

യുവജനയാത്രയുടെ ആവശ്യത്തിനായി 15 ലക്ഷം രൂപ ഫണ്ടിൽ നിന്നു ഉപയോഗിച്ചെന്ന ആരോപണം അസംബന്ധമാണെന്ന് ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ല. ആരോപണമുന്നയിച്ച യൂസഫ് പടനിലത്തിനെതിരെ നിയമനടപടി സ്വീകരിക്കും.

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമതനായി ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച യൂസഫ് തോറ്റു. പാർട്ടി ഇദ്ദേഹത്തെ പുറത്താക്കിയതാണ്. തിരഞ്ഞെടുപ്പ് വേളയിൽ സി.എച്ച് സെന്ററിനെതിരെ യൂസഫ് ഉന്നയിച്ച ആരോപണം ക്ലച്ച് പിടിച്ചില്ലെന്നും ഫിറോസ് പറഞ്ഞു..