തൊഴിൽ തട്ടിപ്പ് കേസ്; നാല് പേർക്ക് ജോലി വാങ്ങി നൽകി, സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്

Monday 08 February 2021 8:39 AM IST

തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടേതെന്ന് കരുതുന്ന ശബ്ദ രേഖ പുറത്ത്. പരാതിക്കാരനായ അരുണിനോടുള്ള സരിതയുടെ സംഭാഷണമാണ് പുറത്തുവന്നത്. ആരോ​ഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് സരിത പറയുന്നു.

പിൻവാതിൽ നിയമനത്തിന് പിന്നിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്ന് സരിത പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. ബെവ്കോ- കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദ്ധാനം ചെയ്ത ഇടനിലക്കാർ മുഖേന ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് സരിതയ്ക്കെതിരെയുള്ള പരാതി.

ബെവ്കോയില്‍ സ്റ്റോര്‍ അസിസ്റ്റന്റായി നിയമനം നല്‍കാമെന്ന് പറഞ്ഞ് സരിതയും കൂട്ടരും പതിനൊന്നര ലക്ഷം രൂപ തട്ടിയെന്ന് നെയ്യാറ്റിന്‍കര സ്വദേശി അരുൺ ആരോപിച്ചിരുന്നു. ബെവ്കോയിലെ ഒരു ഉദ്യോഗസ്ഥയ്ക്കും ഇടപാടിൽ ബന്ധമുണ്ടെന്ന് പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നു.