മുസ്ലിം ദേവാലയങ്ങൾ മുസ്ലീങ്ങളും ക്രൈസ്തവ ദേവാലയങ്ങൾ ക്രിസ്ത്യാനികളുമാണ് ഭരിക്കുന്നത്, എന്തുകൊണ്ടാണ് ക്ഷേത്രങ്ങൾ ഭരിക്കാനുള്ള അവകാശം ഹിന്ദുക്കൾക്കില്ലാത്തതെന്ന് കെ സുരേന്ദ്രൻ
തൃശൂർ: എന്തുകൊണ്ടാണ് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഭരിക്കാനുള്ള അവകാശം ഹിന്ദുക്കൾക്കില്ലാത്തതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മുസ്ലിം ദേവാലയങ്ങൾ ഭരിക്കുന്നത് മുസ്ലിംങ്ങളും ക്രൈസ്തവ ദേവാലയങ്ങൾ ഭരിക്കുന്നത് ക്രിസ്ത്യാനികളുമാണ്. എന്നാൽ മറ്റ് മതക്കാർക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ എന്താകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് ചാർത്തി കൊടുത്തത് ഇവിടുത്തെ സർക്കാരാണ്. മറ്റ് മതങ്ങൾക്കില്ലാത്ത കാര്യങ്ങൾ ഭൂരിപക്ഷ സമുദായത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത് എന്ത് മതേതരത്വമാണ്. രണ്ട് മുന്നണികളുടെയും നേതാക്കൾ സമനില തെറ്റിയ പോലെയാണ് പ്രതികരിക്കുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാകില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞത് ഞങ്ങൾ കാലാകാലങ്ങളായി പറയുന്നതാണ്. നടപ്പാകാത്തൊരു മൂഢസ്വർഗമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം.
അടിസ്ഥാന പ്രമാണം കാലഹരണപ്പെട്ടതാണെങ്കിൽ പ്രസ്ഥാനം പിരിച്ചു വിടണം. ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചവരാണ് ഭൂരിപക്ഷ വിഭാഗക്കാരുടെ സംരക്ഷണത്തിന് ഇറങ്ങുന്നത്. ശബരിമലയിൽ വിശ്വാസികൾ വേട്ടയാടപ്പെട്ടപ്പോൾ ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോൺഗ്രസുകാർ. ശബരിമല സമര കാലത്ത് മൗനവ്രതത്തിലായിരുന്നു ഉമ്മൻചാണ്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി ശ്രീധരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണ്ണ, സെക്രട്ടറി എ. നാഗേഷ്, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.ആർ ഹരി, ഉല്ലാസ് ബാബു എന്നിവർ സംസാരിച്ചു.