ഒരു രൂപയ്ക്ക് ഭക്ഷണം വിളമ്പി ന്യൂ ഗംഭീർ ക്യാന്റീൻ, ദിവസം ആയിരം പേർക്ക് ഒരു രൂപയ്ക്ക് വയർ നിറയ്ക്കാം
ന്യൂഡൽഹി : കേവലം ഒരു രൂപയ്ക്ക് ഉച്ചസമയത്ത് വിശപ്പടക്കാനായാൽ അത് ഒരു നല്ല കാര്യമാണ്. ഇത് നടപ്പിലാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി ജെ പി എം പിയുമായ ഗൗതം ഗംഭീർ. തന്റെ നിയോജക മണ്ഡലത്തിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന രണ്ടാമത്തെ ക്യാന്റീൻ ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. ന്യൂ അശോക് നഗറിലാണ് ക്യാന്റീൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 24ന് ഗാന്ധിനഗറിലും ഇത്തരമൊരു ക്യാന്റീൻ ഗംഭീർ ആരംഭിച്ചിരുന്നു. ഇതിന്റെ പ്രവർത്തനം വിജയകരമായതിനെ തുടർന്നാണ് രണ്ടാമതും ക്യാന്റീൻ തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചത്.
അരി, പയറ്, പച്ചക്കറി കറികൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഉച്ചഭക്ഷണമാണ് 'ജാൻ റാസോയ്' ക്യാന്റീനിൽ ലഭിക്കുന്നത്. കിഴക്കൻ ഡൽഹിയിലെ തന്റെ മണ്ഡലത്തിലുള്ള പത്ത് നിയമസഭാ മണ്ഡലങ്ങളിലും ഓരോ ക്യാന്റീൻ ആരംഭിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും, ഭക്ഷണം അടിസ്ഥാന ആവശ്യമാണെങ്കിലും പലരും അത് ഒഴിവാക്കുകയാണെന്നും ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ടെയും ഡൽഹി ബി ജെ പി അദ്ധ്യക്ഷൻ ആദേഷ് ഗുപ്തയും ഗൗതം ഗംഭീറിനൊപ്പം പുതിയ ക്യാന്റീൻ ഉദ്ഘാടനത്തിന് എത്തിയിരുന്നു.