പാലായിൽ കാപ്പന്റെ വ്യക്തി സ്വാധീനം നിർണായകം; ജയിച്ച സീറ്റ് തോറ്റ ആൾക്ക് വിട്ട് നൽകണമെന്നതിൽ എന്ത് ധാ‌‌ർമ്മികതയാണുളളതെന്ന് ചെന്നിത്തല

Saturday 13 February 2021 10:23 AM IST

ഇടുക്കി:മാണി സി കാപ്പനെ ഇടത് മുന്നണി കബളിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയിച്ച സീറ്റ് പിടിച്ച് വാങ്ങാനാണ് ശ്രമം നടത്തിയതെന്നും ഇത് തിരിച്ചറിഞ്ഞ് കാപ്പൻ നടപടി എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാപ്പനുമായി നേരത്തെ ചർച്ച നടത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ജയിച്ച സീറ്റ് തോറ്റ ആൾക്ക് വിട്ടുനൽകണമെന്നതിൽ എന്ത് ധാ‌‌ർമ്മികതയാണുളളതെന്നും ചെന്നിത്തല ചോദിച്ചു. മാണി സി കാപ്പനെയും എൻ സി പിയെയും എൽ ഡി എഫ് വഞ്ചിക്കുകയായിരുന്നു. പാലായിൽ എൽ ഡി എഫിന്റെ മാത്രം മികവല്ല കാപ്പന്റെ വ്യക്തി സ്വാധീനവും നി‌ർണായകമാണ്. മാണി സി കാപ്പൻ ഒറ്റയ്‌ക്ക് വന്നാലും പാലാ സീറ്റ് നൽകും. പി സി ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഐശ്വര്യ കേരള യാത്രയിൽ എത്തിയ പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌ത നടപടി തെറ്റാണെന്നും ക്യാബിനറ്റ് പദവിയുളള തന്നെ കാണാൻ എത്തിയതിൽ എന്താണ് തെറ്റെന്നും ചെന്നിത്തല ചോദിച്ചു. പൊലീസുകാർ പരസ്യമായി വേദിയിൽ എത്തി അഭിവാദ്യം അർപ്പിച്ചിട്ടില്ലെന്നും നടപടി പിൻവലിക്കണമെന്നും പ്രതി‌പക്ഷ നേതാവ് ആവശ്യപ്പെട്ടു.