ജനങ്ങൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നു, കുപ്രചാരണങ്ങളുടെ മലവെളളപാച്ചിലിന് എൽ ഡി എഫിനെ ഒന്നും ചെയ്യാനായില്ലെന്ന് മുഖ്യമന്ത്രി
കാസർകോട്: എൽ ഡി എഫ് ജനങ്ങളോട് എന്താണ് പറഞ്ഞത് അത് കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്നും നവകേരളത്തിന് ഇടതുഭരണം വേണമെന്ന് ജനം കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് ഉപ്പളയിൽ എൽ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവി കേരളം പടുത്തുയർത്താൻ എൽ ഡി എഫിന് മാത്രമേ കഴിയൂവെന്ന് എല്ലാവരും പറയുന്നു. ഓഖിയും നിപയും അടക്കം ഒരുപാട് ദുരിതങ്ങൾ നേരിടേണ്ടി വന്നു. ഒടുവിൽ കൊവിഡ് മഹാമാരിയും നേരിട്ടു. ഇതൊക്കെ നേരിടേണ്ടി വന്നപ്പോൾ നേരിട്ട പ്രയാസങ്ങൾ പലതിനും തടസം സൃഷ്‌ടിച്ചു. ഇത്തരം തടസങ്ങൾ ഉണ്ടായെങ്കിലും നാടിന്റെ വികസനം മുന്നോട്ടുകൊണ്ടു പോകാൻ സർക്കാർ കഴിയാവുന്നതെല്ലാം ചെയ്‌തു. നമ്മുടെ നാട്ടിൽ സർക്കാർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് ജനങ്ങളുടെ ഐക്യവും ഒരുമയുമാണ്. ആ ഒരുമയ്‌ക്ക് വേണ്ടിയാണ് സർക്കാർ നിലകൊണ്ടതെന്നും അതിനു ഫലമുണ്ടായെന്നും പിണറായി പറഞ്ഞു.
ജനങ്ങൾ നെഞ്ചേറ്റിയ സർക്കാരാണിത്. കേരളത്തിൽ തങ്ങളുടെ അടിവേര് നന്നായി ഇളകുന്നുവെന്ന് പ്രതിപക്ഷ കക്ഷികൾ മനസിലാക്കി. അതനുസരിച്ച് അവർ സർക്കാരിനെ തളയ്‌ക്കാൻ പല നീക്കങ്ങളും നടത്തി. ജനകീയ കോട്ടയാണ് സർക്കാരിന്റെ ശക്തി. വലിയ നശീകരണ വാസനയോടെയുളള പ്രചാരണമാണ് പ്രതിപക്ഷം ഏറ്റെടുത്തത്. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് അവർ ശ്രമിച്ചത്. അട്ടിമറി ദൗത്യവുമായാണ് ചില കേന്ദ്ര ഏജൻസികൾ രംഗത്ത് വന്നത്. കുപ്രചാരണങ്ങളുടേതായ മലവെളളപാച്ചിലിന് എൽ ഡി എഫിനെ ഒന്നും ചെയ്യാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ തൂത്തുവാരാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. എന്ത് സംഭവിച്ചുവെന്ന് ഇവിടെ എല്ലാവരും കണ്ടതാണ്. മാദ്ധ്യമശക്തികൾ കേന്ദ്ര ഏജൻസികൾക്ക് ഒപ്പമാണ് നിന്നത്. ശാപവാക്കുകളോടെയാണ് കഴിഞ്ഞ യു ഡി എഫ് സർക്കാരിനെ ജനം ഇറക്കിവിട്ടത്. എന്നാൽ ഈ സർക്കാർ വൻ വികസന മുന്നേറ്റമാണ് സംസ്ഥാനത്ത് നടത്തിയത്.
ഇത് പുതിയ ലോകമാണ്, ഇന്റർനെറ്റിന്റെ ലോകമാണ്. ഇന്റർനെറ്റ് ഒരാളുടെ അവകാശമാക്കി മാറ്റുകയാണ് നമ്മുടെ സംസ്ഥാനം. ഇക്കാര്യത്തിൽ ഒരു വിവേചനവുമുണ്ടാകില്ല. അടുത്ത ദിവസം കേരളത്തിന്റെ ഒരു ഭാഗം മുഴുവൻ കെ ഫോൺ എത്തും. തുടർന്ന് എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിക്കും. നമ്മുടെ യുവജനങ്ങളുടെ സ്വപ്നമാണ് പൂവണിയുന്നത്.വലിയ മാറ്റം സൃഷ്‌ടിക്കാൻ ഈ സർക്കാരിന് കഴിയും. ദേശീയ ജലപാതയുടെ ഉദ്ഘാടനം അടുത്ത ദിവസം നടക്കുകയാണ്. മലയോര ഹൈവേയുടെ വ്യത്യസ്‌ത റീച്ചുകൾ ഉദ്ഘാടനം ചെയ്‌തു കഴിഞ്ഞു. കെ റെയിൽ പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കും. യാത്രാ ദുരിതം പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
എൽ ഡി എഫ് പാവങ്ങളെ കുറിച്ച് ചിന്തിച്ചു. യു ഡി എഫിന് ഇത് സാധിക്കുമോയെന്ന് ചോദിച്ച പിണറായി വികസന, ക്ഷേമ പെൻഷൻുകൾ എണ്ണിയെണ്ണി പറഞ്ഞു. ഉപേക്ഷിച്ച് പോയ ഗെയിൽ പദ്ധതി എൽ ഡി എഫ് സർക്കാരാണ് പൂർത്തിയാക്കിയത്. ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന പാവങ്ങളുടെ കൂടെ അവർക്കൊപ്പം നിൽക്കുന്ന മുന്നണി എൽ ഡി എഫാണെന്ന് അവരുടെ ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു.
സംസ്ഥാനത്തെ റേഷൻ വിതരണം അപ്പാടെ മാറി. കൊവിഡ് മഹാമാരി വന്നപ്പോൾ ഏറ്റവും നന്നായി ശ്രദ്ധിച്ചത് റേഷൻ വിതരണം ചെയ്യുന്നതിലാണ്. ഇന്ന് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനകീയ ഹോട്ടലുകളുണ്ട്. അത് വ്യാപിപ്പിക്കാനുളള ശ്രമം നടത്തുകയാണ്. വീട് സ്വപ്‌നമാക്കി കൊണ്ടുനടക്കുന്ന ഒരുപാട് പേരുണ്ട്. അവർക്ക് വീട് പണിയാൻ സർക്കാർ കൂടെ നിൽക്കുകയാണ്. പത്ത് ലക്ഷം ആളുകൾക്ക് സ്വന്തം വീട് ലഭിച്ചിരിക്കുകയാണ്. അർഹതപ്പെട്ടവർക്ക് പുതുതായും വീട് നൽകുകയെന്നതാണ് സർക്കാർ നയം.
ഒരു ലക്ഷത്തി എഴുപത്തിയാറായിരം പട്ടയമാണ് ഈ സർക്കാർ നൽകിയത്. തുടർപ്രവർത്തനങ്ങൾ നടക്കുകയാണ്. അതിവേഗത്തിലാണ് സർക്കാർ കാര്യങ്ങൾ നീക്കുന്നത്. കൃഷി ഭൂമിയും നെൽ ഉത്പാദനവും സംസ്ഥാനത്ത് വർദ്ധിച്ചു. പച്ചക്കറി ഉത്പാദനം ആറ് ലക്ഷം ടണ്ണിൽ നിന്ന് പതിനഞ്ച് ലക്ഷമായി ഉയർന്നിരിക്കുകയാണ്. റബറിന്റെ തറവിലയിലടക്കം മാറ്റം വരികയാണ്. നാളികേരത്തിന്റെയും നെല്ലിന്റേയും സംഭരണവില ഉയർത്തി. പാലുത്പാദനത്തിൽ സ്വയം പര്യാപ്‌തതയിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.