'ചെന്നിത്തലയുടെ മറുപടി തൃപ്തികരം'; ശബരിമല കരട് ബിൽ സംബന്ധിച്ച യുഡിഎഫ് വിശദീകരണത്തിൽ ജി സുകുമാരൻ നായർ

Saturday 13 February 2021 6:27 PM IST

തിരുവനന്തപുരം: ശബരിമല വിശ്വാസ സംരക്ഷണത്തിനായി കരട് ബിൽ സംബന്ധിച്ച് യുഡിഎഫ് നൽകിയ വിശദീകരണത്തിൽ തൃപ്തി അറിയിച്ച് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കൈകൊണ്ട നടപടികളെകുറിച്ച് യുഡിഎഫ് നല്‍കിയ വിശദീകരണത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

യുഡിഎഫിന്റെ വിശദീകരണം സ്വാഗതം ചെയ്യുന്നുവെന്നും കരട് ബില്‍ കൊണ്ട് വരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് രമേശ് ചെന്നിത്തല നൽകിയ മറുപടി തൃപ്തികരമാണെന്നും ജി സുകുമാരന്‍ നായര്‍ അറിയിച്ചു.

ശബരിമല വിഷയത്തില്‍ ഭക്തരുടെ ആവശ്യം പരിഗണിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണത്തിലേക്ക് സംസ്ഥാനത്തെ മുന്നണികൾ എത്തിയില്ലെന്ന് കഴിഞ്ഞ ദിവസം എന്‍എസ്എസ് വിമര്‍ശിച്ചിരുന്നു.

യുഡിഎഫിന് വിശ്വാസ സംരക്ഷണത്തിനായി നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാമായിരുന്നു. പകരം അധികാരത്തില്‍ എത്തിയാല്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിയമനിര്‍മ്മാണം നടത്തുമെന്ന പ്രഖ്യാപനത്തില്‍ എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളതെന്നായിരുന്നു സുകുമാരന്‍ നായരുടെ കുറ്റപ്പെടുത്തൽ.