കർഷകർക്ക് പിന്തുണയുമായി മഹാത്മാഗാന്ധിയുടെ ചെറുമകൾ താരാഗാന്ധി, എത്തിയത് ഗാസിപൂരിലെ സമരകേന്ദ്രത്തിൽ

Sunday 14 February 2021 10:44 AM IST

ഗാസിയാബാദ്: കർഷക സമരത്തിന് പിന്തുണയുമായി മഹാത്മാഗാന്ധിയുടെ ചെറുമകൾ താരാഗാന്ധി ഭട്ടാചാർജി എത്തി. ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ ഗാസിപൂരിലെ സമരകേന്ദ്രത്തിലാണ് 84കാരിയായ താരാഗാന്ധി എത്തിയത്. സമാധാനപരമായി പ്രതിഷേധിക്കാൻ കർഷകരെ ഉദ്ബോധിപ്പിച്ചതിനൊപ്പം കർഷകരെ പരിപാലിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

1857ൽ സ്വാന്ത്ര്യത്തിനായുളള ആദ്യപോരാട്ടം മീററ്റിൽ നിന്നും ആരംഭിച്ചതിനെ അവർ അനുസ്മരിച്ചു. 'എന്ത് സംഭവിച്ചാലും കർഷകർക്ക് പ്രയോജനം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കൃഷിക്കാർ ചെയ്യുന്ന കഠിനാധ്വാനത്തെക്കുറിച്ച് ആർക്കും അറിയില്ല'- അവർ പറഞ്ഞു. കർഷകർക്കുവേണ്ടി പ്രാർത്ഥിക്കാനാണ് താരാഗാന്ധി പ്രതിഷേധസ്ഥലത്തെത്തിയതെന്ന് ഭാരതീയ കിസാൻ യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒരു രാഷ്ട്രീയപാർട്ടിയുടെയും പിന്തുണയോടെയല്ല തങ്ങൾ എത്തിയതെന്ന് കർഷകർ താരാഗാന്ധിയോട് പറഞ്ഞു.

ഗാന്ധി സ്മാരക നിധി ചെയർമാൻ രാംചന്ദ്ര റാഹി, അഖിലേന്ത്യാ സർസേവ സംഘ് മാനേജിംഗ് ട്രസ്റ്റി അശോക് ശരൺ, ഗാന്ധി സ്മാരക് നിധി ഡയറക്ടർ സഞ്ജയ് സിംഗ, ദേശീയ ഗാന്ധി മ്യൂസിയം ഡയക്ടർ എ അണ്ണാമലെ എന്നിവരും താരാഗാന്ധിക്കൊപ്പമുണ്ടായിരുന്നു. നിലവിൽ ദേശീയ ഗാന്ധിമ്യൂസിയത്തിന്റെ ചെയർപേഴ്സനാണ് താരാഗാന്ധി.

അതേസമയം വിവാദമായ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുളള കർഷകരുടെ പ്രതിഷേധ സമരം തുടരുകയാണ്. കർഷകരുടെ ഭാഗത്തുനിന്ന് അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് നടപടികൾ കർശനമാക്കിയിട്ടുണ്ട്. റിപബ്ളിക്ക് ദിനത്തിലെ അനിഷ്ടസംഭവങ്ങളെത്തുടർന്ന് കർഷകരും കൂടുതൽ ജാഗരൂകരാണ്.