യു ഡി എഫ് വന്നാൽ പൗരത്വ ബിൽ നടപ്പാക്കില്ല, ശബരിമല സമരത്തിനെതിരെയുളള കേസുകൾ പിൻവലിക്കുമെന്നും ചെന്നിത്തല
കൊച്ചി: യു ഡി എഫ് അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി നടപ്പാക്കില്ലെന്നും ശബരിമലയിലെ നാമജപ സമരത്തിൽ പങ്കെടുത്തവരുടെ പേരിലും പൗരത്വ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പേരിലുമുളള കേസുകൾ പിൻവലിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ രണ്ട് സമരങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത എല്ലാ കേസും പിൻവലിക്കണമെന്ന് ഇന്നലെ എൻ എസ് എസും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
'ഇന്നത്തെ മന്ത്രിസഭാ യോഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുളളതാണ്. ഇത് തൊഴിൽ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. ഈ ഉത്സാഹം വികസന കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ ഏറെ നല്ല കാര്യങ്ങൾ നടക്കുമായിരുന്നു. മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണം. ചർച്ച നടത്തണം. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം. നിയമനങ്ങൾ നടത്താൻ പുതിയ തസ്തിക സൃഷ്ടിക്കണം. പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നു. ബി പി സിഎലിനെ കുറിച്ച് പറഞ്ഞപ്പോൾ കാര്യങ്ങൾ മനസിലാകാതിരിക്കാൻ മുഖ്യമന്ത്രി മലയാളം പറഞ്ഞു. വിൽക്കാൻ പോകുന്ന സ്‌ഥാപനത്തിന് വികസനം നടത്തിയാൽ ഗുണം വാങ്ങുന്ന സ്വകാര്യ കമ്പനിക്കാണ്. ഇപ്പോഴത്തെ വികസനം സ്വകാര്യ കുത്തകകളെ സഹായിക്കാനാണ്. ഇതിനെതിരെ പ്രതിഷേധം മുഖ്യമന്ത്രി നടത്തണമായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയി'- ചെന്നിത്തല പറഞ്ഞു.
'മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കുന്നു. കറുപ്പിനോട് എന്താണ് ഇത്ര ദേഷ്യം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ ഒരുപോലെയാണ്. വാചകമടി വികസനം മാത്രമാണ് കേരളത്തിൽ നടക്കുന്നത്. വികസന മുന്നേറ്റ ജാഥ കൊണ്ട് ജനങ്ങൾക്ക് പ്രയോജനമില്ല. ബി ജെ പിയും സി പി എമ്മും തമ്മിൽ ഐക്യം ഉണ്ട്. തോമസ് ഐസക് പറയുന്ന കാര്യങ്ങൾ ആരും വിശ്വസിക്കില്ല.കേരളത്തിൽ വർഗീയത ഇളക്കി വിടുന്നത് സിപിഎം ആണെന്നുപറഞ്ഞ ചെന്നിത്തല പാചക വാതക വില വർദ്ധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.