നിയമനത്തിനായി മുട്ടിലിഴഞ്ഞ് സമരം ചെയ്‌ത് എൽ ജി എസ് റാങ്ക് ജേതാക്കൾ; സെക്രട്ടറിയേ‌റ്റിന് മുന്നിൽ ഇന്നും നീതിതേടി ഉദ്യോഗാർത്ഥികൾ

Monday 15 February 2021 12:06 PM IST

തിരുവനന്തപുരം: സെക്രട്ടറിയേ‌റ്റിനു മുന്നിൽ ലാസ്‌റ്റ് ഗ്രേഡ് സർവന്റ്‌സ് റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾ നിയമനത്തിനായി നടത്തുന്ന സമരം ഇന്നും ശക്തം. നിയമനത്തിനായി മുട്ടിലിഴഞ്ഞ് സർക്കാരിനോട് അപേക്ഷിച്ചാണ് ഇന്ന് ഉദ്യോഗാർത്ഥികൾ സമരം ചെയ്യുന്നത്. പൊരിവെയിലിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളിൽ പലരും കുഴഞ്ഞുവീണു.എന്തുവന്നാലും തങ്ങളുടെ സഹനസമരം തുടരുമെന്നാണ് ഇന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചത്. കുഴഞ്ഞുവീണവരെ ആശുപത്രിയിലേക്ക് മാ‌റ്റിയിട്ടുണ്ട്.

കഴിഞ്ഞയാഴ്‌ച സമരത്തിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളിൽ ചിലർ ആത്മഹത്യാ ശ്രമം നടത്തിയതും മണ്ണെണ്ണ ദേഹത്തൊഴിച്ച് സമരം നടത്തിയതും വലിയ വിമർശനത്തിന് ഇടയാക്കി. തുടർന്ന് സഹനസമര രീതിയിലേക്ക് മാറിയ ഉദ്യോഗാ‌ർത്ഥികൾ കഴിഞ്ഞ ദിവസം അവരുടെ കുടുംബവുമൊത്ത് സമരം ചെയ്‌തിരുന്നു. ശയനപ്രദക്ഷിണമായിരുന്നു കഴിഞ്ഞ ദിവസത്തെ സമരമാർഗം.

ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ അനുഭാവ പൂർണമായ ഒരു തീരുമാനം ഉദ്യോഗാർത്ഥികൾ പ്രതീക്ഷിച്ചിരുന്നു എന്നാൽ മന്ത്രിസഭ ഇവരുടെ ആവശ്യം പരിഗണിച്ചില്ല. സിപിഒ റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടണമെന്ന ആവശ്യം സർക്കാർ തള‌ളി. കൂടുതൽ തസ്‌തിക സൃഷ്‌ടിക്കണമെന്ന ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ ആവശ്യവും തള‌ളി. ടൂറിസം വകുപ്പ് ഉൾപ്പടെ വിവിധ വകുപ്പുകളിൽ 10 വർഷത്തോളമായി ജോലിനോക്കുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. താൽക്കാലിക്കക്കാരെ സ്ഥിരപ്പെടുത്തും മുൻപ് ആ തസ്‌തിക പിഎസ്‌സിയ്‌ക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കാനും മന്ത്രിസഭ നിർദ്ദേശിച്ചു.