കൈമലർത്തി മുല്ലപ്പളളി; കാപ്പനെ ഘടകകക്ഷിയാക്കാൻ ഹൈക്കമാൻഡ് അനുമതി വേണം, മൂന്നു സീറ്റ് കൊടുക്കും എന്നതിനെപ്പറ്റി അറിയില്ല
തിരുവനന്തപുരം: ഘടകകക്ഷിയായി യു ഡി എഫിന്റെ ഭാഗമാകാനുളള മാണി സി കാപ്പന്റെ നീക്കത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി. ഘടകകക്ഷിയാക്കിയാൽ തന്നെ മൂന്ന് സീറ്റ് എന്ന കാപ്പൻ പക്ഷത്തിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിക്കാൻ സാദ്ധ്യതയില്ലെന്നാണ് വിവരം. സീറ്റ് നൽകിയാൽ വിജയിക്കാൻ സാദ്ധ്യതയുളളവർ കാപ്പൻ പക്ഷത്തില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇത് അടിവരയിട്ടാണ് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
എൻ സി പി മാണി സി കാപ്പൻ വിഭാഗത്തെ യു ഡി എഫ് ഘടകകക്ഷിയാക്കുന്നതിന് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനുമതി വേണമെന്ന് മുല്ലപ്പളളി പറഞ്ഞു. എൻ സി പി പിളർത്തിയാണ് മാണി സി കാപ്പൻ വരുന്നത്. ആ കക്ഷിയെ എങ്ങനെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാക്കാമെന്ന് തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്നും മുല്ലപ്പളളി വ്യക്തമാക്കി.
താൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾക്കും കൽപ്പനകൾക്കും അനുസരിച്ച് മാത്രമേ തനിക്ക് പോകാൻ കഴിയൂ. അതിനാൽ ഹൈക്കമാൻഡിനെ പൂർണമായി വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ, കാപ്പൻ വിഭാഗത്തെ യു ഡി എഫ് ഘടകകക്ഷിയാക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ സുചിന്തിതമായി അഭിപ്രായം പറയാനാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാപ്പന് മൂന്നു സീറ്റ് കൊടുക്കും എന്നതിനെ കുറിച്ച് കെ പി സി സി പ്രസിഡന്റായ തനിക്ക് അറിവില്ല. ഇക്കാര്യത്തിൽ കേരളത്തിൽ തീരുമാനം അസാദ്ധ്യമാണ്. ഹൈക്കമാൻഡിന്റെ അഭിപ്രായം ആരായാതെ തനിക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനാവില്ല. മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ അദ്ദേഹം കോൺഗ്രസിൽ ചേരണമെന്ന് താൻ ആവശ്യപ്പെട്ടതാണ്. അദ്ദേഹം കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് പാരമ്പര്യത്തിൽ പ്രവർത്തിക്കണമെന്നാണ് താൻ സത്യസന്ധമായി ആവശ്യപ്പെട്ടതെന്നും മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.