തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം, മോചനത്തിന് പണം നൽകിയിട്ടില്ലെന്ന് കോഴിക്കോട്ടെ വ്യവസായി

Tuesday 16 February 2021 10:06 AM IST

കോഴിക്കോട്: തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്ന് വ്യവസായി എംടികെ അഹമ്മദ്. ഇന്നോവയിൽ മുഖം മറച്ച അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. കണ്ണും വായയും കൈയും കാലും കെട്ടി ഡിക്കിയിൽ ഇട്ടു. രണ്ടരമണിക്കൂർ യാത്ര ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

താനോ ബന്ധുക്കളോ മോചനത്തിന് പണം നൽകിയിട്ടില്ലെന്നും, എങ്ങനെ മോചിപ്പിച്ചെന്ന് അറിയില്ലെന്നും അഹമ്മദ് പറഞ്ഞു.ഖത്തറിലെ ബിസിനസുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകൽ. പയ്യോളി സ്വദേശി നിസാർ, കണ്ണൂർ സ്വദേശികളായ അലി, റഹിസ് എന്നിവരെ സംശയിക്കുന്നതായി അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

കുറേ നാളുകളായി ഈ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. തന്നെപ്പറ്റി എല്ലാ കാര്യങ്ങളും അവർക്ക് അറിയാമായിരുന്നു. ഇച്ചാ ഇച്ചാ എന്നാണ് വിളിച്ചത്. പിടിച്ച് കൊണ്ടുപോകുമ്പോ ഒരു തവണ മർദ്ദിച്ചതൊഴിച്ചാൽ പിന്നീട് മര്യാദയോടെ പെരുമാറി. ഭക്ഷണം തന്നുവെന്നും അദ്ദേഹം പറഞ്ഞു.