'രാജ്യത്ത് എന്തും സംഭവിക്കാവുന്ന സ്ഥിതി,​ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന തരാത്തവരുടെ വീടുകൾ പ്രത്യേകമായി അടയാളപ്പെടുത്തുന്നു'; നാസികളുടെത് പോലെയുള‌ള നടപടിയെന്ന് കുമാരസ്വാമി

Tuesday 16 February 2021 3:51 PM IST

ബംഗളൂരു: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള‌ള പണം സമാഹരണ യജ്ഞം രാജ്യത്ത് നടക്കുകയാണ്. ഇതിനെതിരെ കടുത്ത ആരോപണവുമായി ജനതാദൾ സെക്കുലാർ നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി രംഗത്ത്. 'ക്ഷേത്രനിർമ്മാണ ഫണ്ട് നൽകാത്തവരുടെ വീട് പിരിവുകാർ പ്രത്യേകരീതിയിൽ അടയാളപ്പെടുത്തിയിട്ട് പോകുന്നു. ഇത് പണ്ട് ഹി‌റ്റ്ലറുടെ കാലത്ത് നാസികൾ ജർമ്മനിയിൽ ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കിയതിന് തുല്യമായ നടപടിക്ക് തുല്യമാണ്.' കുമാരസ്വാമി ട്വി‌റ്ററിൽ കുറിച്ചു.

ഇത്തരം നടപടികൾ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് കുമാരസ്വാമി ചോദിച്ചു. ശിവമോഗയിൽ പത്രസമ്മേളനത്തിലും അദ്ദേഹം ഈ വാദം ഉന്നയിച്ചിരുന്നു. ആർഎസ്‌എസ് രൂപീകരിച്ചത് ജർമ്മനിയിൽ നാസി പാർട്ടി രൂപീകരിച്ച സമയത്ത് തന്നെയാണെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു.

'നാസികളുടേതുപോലെ നടപടികൾ ആർഎസ്‌എസ് ഇന്ത്യയിൽ നടപ്പാക്കിയാൽ എന്തുണ്ടാകും എന്ന് ആശങ്കയുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങൾ തകർന്നു, എന്തും സംഭവിക്കാവുന്ന നിലയാണ് രാജ്യത്ത് ' കുമാരസ്വാമി ആരോപിച്ചു. ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനാകാത്തവിധം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത്. മാദ്ധ്യമങ്ങൾ സർക്കാരിന്റെ നയം ഉയർത്തിപ്പിടിച്ചാൽ രാജ്യത്ത് എന്തുണ്ടാകുമെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ ഈ ആരോപണങ്ങൾക്കൊന്നും ആർ‌എസ്‌എസ് നേതൃത്വം മറുപടി നൽകിയില്ല.കുമാരസ്വാമി മറുപടി അർഹിക്കുന്നില്ലെന്ന് സംസ്ഥാന ആർഎസ്‌എസ് വൃത്തങ്ങൾ അറിയിച്ചു. രാജ്യത്താകെ ജനുവരി 16ന് ആരംഭിച്ച രാമക്ഷേത്ര നിർമ്മാണ ഫണ്ട് സമാഹരണം ഒരുമാസം പിന്നിടുമ്പോൾ കൊണ്ട് 1500 കോടി പിന്നിട്ടു.