അടുത്ത മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് ഞങ്ങൾ പറവൂരുകാർ കൈകാര്യം ചെയ്യും; രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പ് പിഷാരടി വിളിച്ച കാര്യം വെളിപ്പെടുത്തി സലിംകുമാർ
തിരുവനന്തപുരം: രാഷ്ട്രീയം ഒരു മടിയും കൂടാതെ തുറന്നുപറഞ്ഞിട്ടുളള ചലച്ചിത്ര താരമാണ് സലിംകുമാർ. കൊച്ചിയിലെ ഐ എഫ് എഫ് കെ ഉദ്ഘാടന വേദിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി സലിംകുമാർ ഇന്നലെ രംഗത്ത് വന്നിരുന്നു. ഇതോടെ സലിംകുമാറിന്റെ രാഷ്ട്രീയം വീണ്ടും ചൂടുപിടിച്ച ചർച്ചയായിരിക്കുകയാണ്. യാദൃശ്‌ചികമായിട്ടാണെങ്കിലും മണിക്കൂറുകൾക്കകമാണ് രമേഷ് പിഷാരടിയും ഇടവേള ബാബുവും ഉൾപ്പടെയുളളവർ പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്തത്. കലാകാരന്മാർ രാഷ്ട്രീയം വെളിവാക്കുമ്പോൾ തന്റെ നിലപാടുകൾ സലിംകുമാർ കേരളകൗമുദി ഓൺലൈനിനോട് പങ്കുവയ്‌ക്കുന്നു..
ഐ എഫ് എഫ് കെ ഉദ്ഘാടന വേദിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നുണ്ടോ?
കൊച്ചിയിൽ നടക്കുന്നത് സി പി എം ചലച്ചിത്ര മേളയാണ്. എറണാകുളം ജില്ലയിലെ അവാർഡ് ജേതാക്കളായ 25 പേർ ചേർന്ന് തിരി തെളിയിക്കുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ദേശീയ പുരസ്‌കാര ജേതാക്കളും തിരി തെളിയിക്കാനുണ്ടെന്ന് അറിഞ്ഞു. എന്നെ വിളിക്കാതിരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചത്. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കിൽ ആഷിഖ് അബുവും അമൽ നീരദുമെല്ലാം എന്റെ ജൂനിയേഴ്‌സായി കോളേജിൽ പഠിച്ചവരാണ്. ഞാനും അവരും തമ്മിൽ അധികം പ്രായവ്യത്യാസമൊന്നുമില്ല.
ഒരു സർക്കാർ തരുന്ന മൂന്ന് പുരസ്‍കാരങ്ങൾ കിട്ടിയ സ്ഥിതിക്ക് ഞാനും ഉണ്ടാകുമെന്ന് വിചാരിച്ചു. പക്ഷേ പിന്നീടൊന്നും അതിനെ കുറിച്ച് കേൾക്കാതെയായി. അപ്പോൾ മേളയിലെ കമ്മിറ്റി അംഗമായ സോഹൻലാലിനെ വിളിച്ചു. പ്രായക്കൂടുതലുളള ആളുകളെ ഒഴിവാക്കി ചെറുപ്പക്കാരെയാണ് വിളിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രായമല്ല ഇവിടെ രാഷ്‍ട്രീയമാണ് വിഷയം. അവാർഡ് കിട്ടിയ കോൺഗ്രസുകാരനായതുകൊണ്ടാണ് ഒഴിവാക്കിയത്. ഇവിടെ നടക്കുന്നത് സി.പി.എം മേളയാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. കലാകാരൻമാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവർ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വച്ചു നൽകിയത്.
സിനിമാ ലോകത്ത് പലരും രാഷ്ട്രീയം പറയാൻ മടിക്കുമ്പോൾ സലിംകുമാർ തന്റെ രാഷ്ട്രീയം വീണ്ടും തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. എന്താണ് അതിനു പിന്നിലെ ധൈര്യം?
എനിക്ക് ധൈര്യക്കുറവിന്റെ പ്രശ്‌നങ്ങളൊന്നുമില്ല. എന്റെ രാഷ്ട്രീയം വിളിച്ചു പറയുന്നതിൽ ഒരു ധൈര്യകുറവുമില്ല. അത് എന്റെ വ്യക്തിത്വമാണ്. രാഷ്ട്രീയം പറയാതെയിരിക്കുന്നതാണ് ഏറ്റവും വലിയ വഞ്ചന. ഞാൻ ആരാണെന്ന് തിരിച്ചറിഞ്ഞിട്ട് അതിലൂടെ കിട്ടുന്ന സ്‌നേഹവും അംഗീകാരവും മാത്രം എനിക്ക് മതി. രാഷ്ട്രീയം തുറന്നു പറഞ്ഞാൽ ഞാൻ മറ്റുളളവരെ എതിർക്കുന്നുവെന്നല്ല അതിന്റെ അർത്ഥം.
വിവാദങ്ങൾക്ക് ശേഷം അക്കാദമിയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊക്കെയുണ്ടായിരുന്നല്ലോ. അതിൽ തൃപ്‌തനാണോ?
സംഭവിക്കേണ്ടത് എന്തായാലും സംഭവിച്ചു. ഇനിയെങ്കിലും ഇത്തരത്തിലുളള വിഷയങ്ങൾ ഉണ്ടാകരുത്. ഒരു കലാകാരന്റെയടുത്ത് ഇത്തരത്തിൽ രാഷ്ട്രീയം കളിക്കരുത്. രാഷ്ട്രീയം പറയാനൊക്കെ ഒരുപാട് വേദികളുണ്ട്. അവിടെ അതൊക്കെ കാണിച്ചാൽ മതി. ഇത്തരം ചടങ്ങുകളിലല്ല രാഷ്ട്രീയം കുത്തി നിറയ്‌ക്കേണ്ടത്.
വിഷമത്തിന്റെ പുറത്തായിരുന്നു ഇന്നലത്തെ പ്രതികരണം?
തീർച്ചയായിട്ടും വിഷമമുണ്ടായിരുന്നു.
ധർമ്മജനും രമേശ് പിഷാരടിയും അടക്കമുളളവർ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരികയാണ്. ഇപ്പോൾ പലരും തങ്ങളുടെ രാഷ്ട്രീയം തുറന്നു പറയാനുളള ധൈര്യം കാണിക്കുമ്പോൾ എന്താണ് മനസിൽ തോന്നുന്നത്?
എനിക്കതിൽ സന്തോഷം തോന്നുന്നുണ്ട്. പലരും പേടിച്ചാണ് രാഷ്ട്രീയം പറയാതിരുന്നത്. കാരണം രാഷ്ട്രീയം പറഞ്ഞാൽ എനിക്കുണ്ടായത് പോലത്തെ അനുഭവങ്ങളുണ്ടാകും. പിഷാരടി രാഷ്ട്രീയത്തിൽ ഇറങ്ങാനുളള തീരുമാനം എടുക്കും മുമ്പ് എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. ഒരുപാട് തിക്താനുഭവങ്ങളുണ്ടാകും, അതൊക്കെ തരണം ചെയ്യാൻ കഴിയുമെങ്കിൽ വന്നോളൂവെന്നാണ് ഞാൻ പിഷാരടിയോട് പറഞ്ഞത്.
ധർമ്മജൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്.
ധർമ്മജന് കോൺഗ്രസിന് വേണ്ടി മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്. പാർട്ടിക്കും ആ താത്പര്യമുണ്ട്. അദ്ദേഹം മത്സരിക്കുക തന്നെ വേണം.
പലപ്പോഴും പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് താങ്കൾ വന്നിട്ടില്ല. ഇക്കൊല്ലം അതുണ്ടാകുമോ?
ഒരിക്കലും പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഞാൻ കടന്നുവരില്ല. പക്കാ കോൺഗ്രസ് പ്രവർത്തകനായി തുടരും. അതിലാണ് എനിക്ക് സുഖം തോന്നിയിട്ടുളളത്. എന്റെ ഇഷ്‌ടം അതാണ്.
ഇപ്രാവശ്യവും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടാകും
ഇപ്രാവശ്യം മാത്രമല്ല എല്ലാ പ്രാവശ്യവും ഞാൻ പ്രചാരണത്തിന് പോകാറുണ്ട്. ഇപ്പോൾ അതിൽ പ്രത്യേകതയൊന്നുമില്ല. എത്രയോ കൊല്ലങ്ങളായി നടക്കുന്ന കാര്യമാണത്.
പറവൂരിൽ വി ഡി സതീശന്റെ വിജയം ഉറപ്പാണോ?
തീർച്ചയായിട്ടും ഇവിടെ വൻ വിജയമായിരിക്കും. ഞങ്ങൾ പറവൂർക്കാര് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യും, അതുറപ്പാണ്.
കൂടുതൽ സിനിമക്കാർ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ഇനിയും കടന്നുവരുമെന്ന് പ്രതീക്ഷിക്കാമോ?
അക്കാര്യം തീർച്ചയായിട്ടും പ്രതീക്ഷിക്കാം. ഒരുപാട് പേരുടെ കടന്നുവരവുണ്ടാകും.
യു ഡി എഫ് അധികാരത്തിൽ വരുമോ?
യു.ഡി.എഫ് അധികാരത്തിൽ വരും. ഒരു സംശയവും വേണ്ട.
കേളത്തിലെ പൊതു രാഷ്ട്രീയ സാഹചര്യം എങ്ങനെ വിലയിരുത്തുന്നു?
അത് ഞാൻ പറയേണ്ട ആവശ്യമില്ല. ഞാൻ പറയാതെ തന്നെ ആളുകൾക്ക് അറിയാം. ജനങ്ങൾ അത്ര വിഡ്ഢികളൊന്നുമല്ല.