നവജാത ശിശുക്കൾക്ക് സൗജന്യ ജാതകം,​ ആശുപത്രികളിൽ ജ്യോതിഷികളെ നിയമിക്കും

Wednesday 13 February 2019 12:26 PM IST

ജയ്‌പൂർ: നവജാത ശിശുക്കൾക്ക് ജനന സമയത്തെ ഗ്രഹനില കണക്കാക്കി യോജിക്കുന്ന തരത്തിലുള്ള പേര് ആശുപത്രിയിൽ വച്ചുതന്നെ നൽകാനുള്ള പദ്ധതിയുമായി രാജസ്ഥാനിലെ കോൺ​ഗ്രസ് സർക്കാർ. രാജീവ് ഗാന്ധി ജന്മപത്രി നാം കരൺ യോജന എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. രാജസ്ഥാനിലെ എല്ലാ സർക്കാർ, സ്യകാര്യ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കും. ആദ്യഘട്ടമെന്നോണം ജയ്‌പൂരിലെ അഞ്ച് സർക്കാർ ആശുപത്രികളിൽ പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

തുടക്കത്തിൽ സൗജന്യമായാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും പിന്നീട് മറ്റു സ്ഥലങ്ങളിൽ കൂടി വ്യാപിക്കുന്നതോടെ തുക ഇടാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ആശുപത്രികളിൽ 51 രൂപയും സ്വകാര്യ ആശുപത്രികളിൽ 101 രൂപയുമായിരിക്കും ഫീസായി ഇടാക്കുക. നിലവിൽ 16,728 സർക്കാർ ആശുപത്രികളും 54 അം​ഗീകൃത സ്വകാര്യ ആശുപത്രികളുമാണ് സംസ്ഥാനത്തുള്ളത്.

ശിശുക്കളുടെ ജനന സമയം കണാക്കാക്കുന്നതിനായി ആശുപത്രികളിൽ ജ്യോതിഷികളെ നിയമിക്കും. ജ്യോതിഷത്തിൽ ബിരുദമോ, ഡിപ്ലോമയോ ഉള്ള സർക്കാരിന്റെ അംഗീകാരം നേടിയവരെയാണ് നിയമിക്കേണ്ടതെന്ന് സർവകലാശാല യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിലൂടെ 3,000ത്തോളം പേർക്കെങ്കിലും തൊഴിൽ നൽകാനാകുമെന്നാണ് സർക്കാർ കരുതുന്നത്. പദ്ധതി പ്രകാരം ഒരു കുട്ടിയുടെ ജനന സമയം ഗണിക്കുന്നതിന് സർക്കാർ ആശുപത്രികളിൽ 40 രൂപയും സ്വകാര്യ ആശുപത്രികളിൽ 80 രൂപയും ജ്യോതിഷിക്ക് പ്രതിഫലമായി നൽകും.

അംബാനി പുത്രന്റെ ബാച്ചിലർ പാർട്ടി സ്വിറ്റ്സർലൻഡിൽ,​ തടാകത്തിന് സമീപം കൂറ്റൻ ഉയരത്തിൽ ടെന്റ്