നയതന്ത്ര കാർഗോ പരിശോധനയില്ലാതെ വിട്ടയച്ചത് കസ്റ്റംസ് കമ്മിഷണറുടെ ഓഫീസ് നിർദേശ പ്രകാരം; എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം പുറത്ത്

Thursday 18 February 2021 9:03 AM IST

കൊച്ചി: കൊച്ചിയിൽ കപ്പൽമാർഗമെത്തിയ നയതന്ത്ര കാർഗോ പരിശോധനയില്ലാതെ വിട്ടുകൊടുത്തത് കസ്റ്റംസ് കമ്മിഷണർ ഓഫീസിന്റെ നിർദ്ദേശ പ്രകാരമെന്ന് മൊഴി. കസ്റ്റംസ് ഹൗസ് ഏജന്റാണ് ഇതുസംബന്ധിച്ച മൊഴി എൻഫോഴ്സ്‌മെന്റിന് നൽകിയിരിക്കുന്നത്. വെല്ലിംഗ്‌ടൺ ഐലന്റിലെ കമ്മിഷണർ ഓഫീസിനെതിരെയാണ് മൊഴി. ശിവശങ്കറിന് എതിരായ ഇ ഡി കുറ്റപത്രത്തിലാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. കപ്പൽ മാർഗവും നയതന്ത്ര കളളക്കടത്ത് നടന്നുവെന്നാണ് ഇ ഡിയുടെ നിഗമനം.

2019 ഏപ്രിൽ രണ്ടിനാണ് യു എ ഇയിൽ നിന്നും കുപ്പിവെളളമെന്ന പേരിൽ നയതന്ത്ര കാർഗോ എത്തിയത്. ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ കാർഗോ തുറന്നുപരിശോധിക്കാൻ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഫയലിലെഴുതി. എന്നിട്ടും ഒരു പരിശോധനയും കൂടാതെ കാർഗോ വിട്ടയക്കുകയായിരുന്നു. കമ്മിഷണർ ഓഫീസിൽ നിന്ന് ഫോൺ വിളിയെത്തിയതോടെയാണ് കാർഗോ വിട്ടയക്കാൻ തീരുമാനിച്ചത്.

ഒരു കാരണവശാലും കാർഗോ തുറക്കാൻ അനുവദിക്കരുതെന്നും കാർ‌ഗോ വിട്ടുകിട്ടാൻ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന ശിവശങ്കറിന് അയച്ച വാട്‌സാപ്പ് സന്ദേശം എൻഫോഴ്‌സ്‌മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു.