'നിയമസഭാ തിരഞ്ഞെടുപ്പിൽ തത്ക്കാലം മത്സരിക്കാനില്ല'; യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളും അടക്കം പുതിയ ടീം കളത്തിലിറങ്ങുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: മാസങ്ങൾ നീണ്ട മൗനത്തിന് ശേഷം സമകാലീന രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിച്ചും നിയമസഭാ തിരഞ്ഞെടുപ്പിലെ സി പി എം നിലപാട് വിശദീകരിച്ചും മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.നിയമസഭാ തിരഞ്ഞെടുപ്പിൽ തത്ക്കാലം മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണ്. ബാക്കി പാർട്ടി പറയുമെന്നും കോടിയേരി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു തവണ ജയിച്ചവർ മാറും. ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലർക്ക് ഇളവ് നൽകേണ്ടി വരും. ചില മണ്ഡലങ്ങളിൽ വിജയസാദ്ധ്യതയാകും ഒരു ഘടകം. കഴിയുന്നത്ര പുതിയൊരു ടീമിനെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതിൽ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളും കാണുമെന്നും കോടിയേരി പറഞ്ഞു.
കോൺഗ്രസ് മുക്ത ഭാരതമല്ല, മതനിരപേക്ഷത നിലനിൽക്കുന്ന ഭാരതമാണ് സി പി എം ലക്ഷ്യമിടുന്നത്. കോൺഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി ജെ പിയെ തോൽപ്പിക്കാനാണ് സി പി എമ്മിന്റെ ശ്രമം. കോൺഗ്രസിനെ തോൽപ്പിക്കാൻ സി പി എമ്മിനെ സഹായിക്കാമെന്നത് സംഘപരിവാറിന്റെ പ്രചാരവേലയാണെന്നും കോടിയേരി പറഞ്ഞു.
കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബി ജെ പിക്ക് അവരെ വിലയ്‌ക്കെടുക്കാനാകും. സംസ്ഥാനത്ത് സി പി എം തകർന്നാലേ ബി ജെ പിക്ക് രക്ഷയുളളൂ. പശ്ചിമബംഗാളിലും ത്രിപുരയിലും സി പി എം ക്ഷീണിച്ചപ്പോഴാണ് ബി ജെ പിക്ക് മുന്നേറാനായതെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.