'കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞതിന് പിതാവിനെ പുറത്താക്കാൻ കുത്തിത്തിരിപ്പുണ്ടാക്കിയ ആൾ... അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ?; ഇടവേള ബാബുവിനെതിരെ ഷമ്മി തിലകൻ
കോൺഗ്രസ് അനുഭാവിയും നടനും താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു ഇരട്ടതാപ്പ് കാട്ടുന്നുവെന്ന് ആരോപിച്ച് നടൻ ഷമ്മി തിലകൻ. താൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞതിന് അന്തരിച്ച മഹാനടനും തന്റെ പിതാവുമായ തിലകനോട് വിശദീകരണം ചോദിക്കുകയും അദ്ദേഹത്തെ പുറത്താക്കാനാണ് 'കുത്തിത്തിരിപ്പ് ഉണ്ടാക്കുകയും' ചെയ്ത ഇടവേള ബാബു ഇപ്പോൾ താൻ കോൺഗ്രസുകാരനാണെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വേദി പങ്കിടുന്നതിലെ അസ്വാഭാവികത തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുകയാണ് ഷമ്മി തിലകൻ. ഇടവേള ബാബു കോൺഗ്രസിന്റെ ഐശ്വര്യകേരള യാത്രയുടെ വേദിയിൽ രമേശ് ചെന്നിത്തലയോടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുമൊപ്പം വേദി പങ്കിടുന്ന ചിത്രം ഉൾക്കൊള്ളുന്ന മാദ്ധ്യമ വാർത്തയും ഷമ്മി തിലകൻ തന്റെ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.
കുറിപ്പ് ചുവടെ:
'ഞാൻ കമ്മ്യൂണിസ്റ്റാണ്...എന്ന് പരസ്യമായി പറഞ്ഞതിന് എന്റെപിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത 'അമ്മ' സംഘടനയുടെ പ്രതി പക്ഷനേതാവ്.. ഞാൻ കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പം..? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..? നന്നായി കണ്ണ് തള്ളി കണ്ടാ മതി..!'