സിപിഎമ്മിന്റെ മുസ്‌ലീം വിരുദ്ധത ഇന്നോ ഇന്നലയൊ തുടങ്ങിയതല്ല; തങ്ങൾക്കനുകൂലമല്ലെങ്കിൽ അവരെ തീവ്രവാദികളായും വർഗീയ വാദികളായും ചാപ്പകുത്തുന്നതാണ് പാർട്ടി നിലപാടെന്ന് സമസ്ത മുഖപത്രം

Saturday 20 February 2021 8:04 PM IST

തിരുവനന്തപുരം: തുടർഭരണം ആത്യന്തിക ലക്ഷ്യമായെടുത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം. പുറത്തെടുത്ത വർഗീയ രാഷ്ട്രീയം സംസ്ഥാനത്തെ അപകടകരമായ അവസ്ഥയിൽ എത്തിക്കുമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. 'സി.പി.എം. നീക്കം ആപൽക്കരം' എന്ന തലക്കെട്ടിൽ പത്രത്തിൽ വന്നിരിക്കുന്ന മുഖപ്രസംഗത്തിലാണ് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

സി.പി.എമ്മിന്റെ മുസ്‌ലീം വിരുദ്ധത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സി.പി.എം. സംസ്ഥാന ഘടകത്തിന് സ്വീകാര്യനായ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് തിരികൊളുത്തിയ ബി.ജെ.പിയെ ഫാസിസ്റ്റ് ശക്തിയായി കാണാൻ കഴിയില്ലെന്ന തീനാളം പടർന്ന് കത്തിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലീം സമൂഹത്തെ അപരവത്കരിക്കുന്നതിലൂടെ തുടർഭരണം ഉറപ്പാക്കാൻ കഴിയുമെന്ന അതിമോഹത്തിലാണ് സി.പി.എം. അതുണ്ടാക്കുന്ന സാമൂഹിക വിഭജനം അവരെ അലട്ടുന്നേയില്ല. മുസ്‌ലീം ജനസാമാന്യത്തിന്റെ വോട്ട് തങ്ങൾക്കനുകൂലമല്ലെങ്കിൽ അവരെ തീവ്രവാദികളായും വർഗീയ വാദികളായും ചാപ്പകുത്തുന്നതാണ് സി.പി.എം നിലപാടെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

ശബരിമല വിഷയത്തിൽ ഭൂരിപക്ഷ സമുദായം വഴിമാറിപ്പോയതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് കാരണമെന്ന് ഗണിച്ച് ഭൂരിപക്ഷവിഭാഗത്തെ പ്രീണിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് മുസ്‌ലീം ന്യൂനപക്ഷത്തിനെതിരായ സി.പി.എമ്മിന്റെ വർഗീയാക്രമണങ്ങൾ. ശബരിമല വിഷയത്തോടെ ഭൂരിപക്ഷ സമുദായത്തിൽ ഇളക്കം സംഭവിച്ചുവെന്ന ഭയാശങ്കയിൽ നിന്നാണ് പച്ചയായ വർഗീയത വിളിച്ചുപറയാൻ സി.പി.എം. നേതാക്കളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എമ്മിന്റെ ഇത്തരം നിലപാടുകൾ ബി.ജെ.പിയുടെ ഹിന്ദുത്വ അജൻഡയെ പരിപോഷിപ്പിക്കാൻ മാത്രമേ ഉതകൂ എന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ഹസനും അമീറും കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് ഇനി യു.ഡി.എഫിനെ നയിക്കാൻ പോകുന്നതെന്ന സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയുടെ ഉള്ളടക്കം മനസിലാകാൻ അതിബുദ്ധിയൊന്നും വേണ്ട. 'യു.ഡി.എഫ് നേതൃത്വം മുസ്‌ലീം ലീഗ് ഏറ്റെടുക്കാൻ പോകുന്നു' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പും ലക്ഷ്യംവച്ചത് മറ്റൊന്നായിരുന്നില്ല. യു.ഡി.എഫ് നേതൃത്വം മുസ്‌ലീം ലീഗിന്റെ കൈയിൽ വന്നാൽ മതേതര, ജനാധിപത്യ കേരളത്തിന്റെ ഭാവി അപകടത്തിലാകുമെന്ന വിഭാഗീയ ശങ്കയായിരുന്നു മുഖ്യമന്ത്രി പങ്കുവച്ചതെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.