എന്റെ പപ്പാ എന്നെ ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടറാക്കാൻ ആഗ്രഹിച്ചു, പിതാവിനെക്കുറിച്ച് കങ്കണ

Sunday 21 February 2021 1:12 PM IST

പല വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് രംഗത്തെത്താറുള്ളയാളാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. നടിയുടെ മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ പിതാവിനെക്കുറിച്ച് കങ്കണയെഴുതിയ ഒരു കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്. കുട്ടിക്കാലത്തെ ചില ഓർമകളാണ് നടി പങ്കുവച്ചിരിക്കുന്നത്.

തന്റെ പിതാവിന് തോക്കിന് ലൈസൻസ് ഉണ്ടായിരുന്നെന്നും, ചെറുപ്പത്തിൽ കോളേജിൽ സംഘർഷങ്ങളിലെല്ലാം അദ്ദേഹം ഉണ്ടാകുമായിരുന്നുവെന്നും താരം പറയുന്നു. താൻ പതിനഞ്ചാം വയസിൽ അദ്ദേഹവുമായി വഴക്കിട്ടെന്നും, വീട്ടിൽ നിന്ന് ഇറങ്ങിയെന്നും താരം പറയുന്നു.

പിന്നീട് സിനിമയിൽ എത്തിയതിനെക്കുറിച്ചും നടി പറയുന്നു. സിനിമകളിലെ വിജയങ്ങൾക്ക് ശേഷം തന്റെ ശബ്ദം കൂടുതൽ ശക്തമായെന്നും, ഇന്ന് താൻ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശബ്ദങ്ങളിൽ ഒന്നാണ്. തന്നെ ശരിയാക്കാൻ നോക്കിയവരെ താൻ ശരിയാക്കിയെന്നും കുറിപ്പിൽ പറയുന്നു.

'എന്റെ പപ്പാ എന്നെ ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടറാക്കാൻ ആഗ്രഹിച്ചു. മികച്ച സ്ഥാപനങ്ങളിൽ എനിക്ക് വിദ്യാഭ്യാസം നൽകി, ഒരു വിപ്ലവകരമായ പപ്പയാണെന്ന് അദ്ദേഹം കരുതി, സ്‌കൂളിൽ പോകാൻ വിസമ്മതിച്ചപ്പോൾ എന്നെ അടിക്കാൻ ശ്രമിച്ചു. അപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു നിങ്ങൾ എന്നെ അടിച്ചാൽ ഞാൻ നിങ്ങളെയും അടിക്കുമെന്ന് പറഞ്ഞു.അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ അവസാനം'നടി കുറിച്ചു.