'മുഖ്യമന്ത്രിയാകാന്‍ 15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു, 88 വയസല്ലേ ആയുള്ളൂ'; മെട്രോമാൻ ഇ ശ്രീധരനെ പരിഹസിച്ച് നടൻ സിദ്ധാ‌‌ർത്ഥ്

Sunday 21 February 2021 6:12 PM IST

തിരുവനന്തപുരം: ബി.ജെ.പിയിൽ ചേരുകയും അടുത്ത മുഖ്യമന്ത്രിയാകാൻ താൽപര്യമുണ്ടെന്നറിയിക്കുകയും ചെയ്ത മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച് നടൻ സിദ്ധാർത്ഥ്. മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നെന്നും അദ്ദേഹത്തിന് 88 വയസല്ലേ ആയിട്ടുള്ളുവെന്നും ട്വിറ്ററിലൂടെ സിദ്ധാർത്ഥ് പരിഹസിച്ചു.

സിദ്ധാർത്ഥിന്റെ ട്വീറ്റ്

സാങ്കേതിക വിദഗ്ദ്ധനായി രാജ്യത്തിന് നൽകിയ സേവനങ്ങളുടെയും ഇ. ശ്രീധരന്റെയും വലിയ ആരാധകനാണ് താൻ. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ അദ്ദേഹം ആഗ്രഹിക്കുന്നതിലും ബി.ജെ.പിയിൽ ചേർന്നതിലും വളരെ ആവേശഭരിതനാണ്. പക്ഷേ ഇത് അൽപ്പം പെട്ടെന്നായി പോയോയെന്ന് ഞാൻ ഭയപ്പെടുന്നു. അദ്ദേഹത്തിന് 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് എന്റെ എളിയ അഭിപ്രായം. അദ്ദേഹത്തിന് 88 വയസല്ലേ ആയിട്ടുള്ളു.


ബി.ജി.പി പ്രവേശം ഉറപ്പിച്ചതിന് പിന്നാലെ വിവാദ പരാമർശങ്ങളുമായി ഇ. ശ്രീധരൻ രംഗത്തെത്തിയിരുന്നു. തികഞ്ഞ സസ്യാഹാരിയാണ് താനെന്നും ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലവ്ജിഹാദ് ആരോപണത്തിൽ, ലവ് ജിഹാദ് ഉണ്ടെന്നും അത്തരം കാര്യങ്ങളെ എതിർക്കുമെന്നുമായിരുന്നു ശ്രീധരന്റെ പ്രതികരണം.