സാംസംഗിനെ മറികടന്ന് ആപ്പിൾ വീണ്ടും ഒന്നാമത്

Tuesday 23 February 2021 3:55 AM IST

ന്യൂഡൽഹി: ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ നാലുവർഷത്തോളം നീണ്ട സാംസംഗിന്റെ അപ്രമാദിത്തം അവസാനിപ്പിച്ച് ആപ്പിൾ വീണ്ടും ഒന്നാംസ്ഥാനം ചൂടി. 2016ന് ശേഷം ആദ്യമായാണ് ആപ്പിൾ ഒന്നാമതെത്തുന്നത്. വിപണി നിരീക്ഷകരായ ഗാർട്‌ണറിന്റെ റിപ്പോർട്ട് പ്രകാരം എട്ടുകോടി സ്മാർട്ട്ഫോണുകളാണ് 2020ന്റെ അവസാനപാദമായ ഒക്‌ടോബർ-ഡിസംബറിൽ ആപ്പിൾ വിറ്റഴിച്ചത്. സാംസംഗിന്റെ വില്പനയിൽ 14.6 ശതമാനം ഇടിഞ്ഞു. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഹുവാവേയാണ്; നഷ്‌ടം 24.1 ശതമാനം.

അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നടക്കം ഉപരോധം ഉണ്ടായതാണ് ഹുവാവേയ്ക്ക് തിരിച്ചടിയായത്. ആഗോള സ്മാർട്ട്ഫോൺ വിപണി 5.4 ശതമാനം നഷ്‌ടം കഴിഞ്ഞപാദത്തിൽ നേരിട്ടു. ഡിസംബർപാദത്തിൽ ആപ്പിളിന്റെ വില്പന വരുമാനം 6,560 കോടി ഡോളറാണ്; മുൻവർഷത്തെ സമാനപാദത്തേക്കാൾ 17 ശതമാനമാണ് വർദ്ധന. 5ജി സൗകര്യത്തോട് കൂടിയ ഐഫോൺ 12 സീരീസ് ഫോണുകളുടെ അവതരണം കഴിഞ്ഞപാദത്തിൽ ആപ്പിളിന് വലിയ നേട്ടമായി.