30,000 രൂപ കൈക്കൂലി വാങ്ങി, തഹസീൽദാർ കുടുങ്ങി
പീരുമേട്: ഭൂമി പതിച്ച് പട്ടയം നൽകുന്നതിന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ തഹസീൽദാർ വിജിലൻസിന്റെ വലയിൽ കുടുങ്ങി. പീരുമേട് ഭൂമി പതിവ് സെപഷ്യൽ തഹസിൽദാർ എരുമേലി ആലപ്ര തടത്തേൽ വീട്ടിൽ യൂസഫ് റാവുത്തർ ( 55) ആണ് പിടിയിലായത്.
ഉപ്പുതറ സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് പീരുമേട് ഭൂപതിവ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. സ്ഥലം ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. സെന്റിന് ഒരു ലക്ഷം രൂപ കിട്ടുന്ന സ്ഥലമാണെന്നും 50,000 രൂപയെങ്കിലും കൈക്കൂലിയായി വേണമെന്നും സ്പെഷ്യൽ തഹസീൽദാർ അറിയിച്ചു. അയ്യായിരം രൂപ നൽകാമെന്ന് പരാതിക്കാരി പറഞ്ഞു. അത് നിരസിച്ച ഉദ്യോഗസ്ഥൻ പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതിയെന്ന് മറുപടി നൽകി. തുടർന്നാണ് ഇവർ വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിനെ സമീപിച്ചത്. വിജിലൻസിന്റെ നിർദ്ദേശത്തെത്തുടർന്ന് പരാതിക്കാരി സ്പെഷ്യൽ തഹസീൽദാറെ വീണ്ടും സമീപിച്ചു. 20,000 രൂപ ഫീസായും 10,000 രൂപ കൈക്കൂലിയായും നൽകണമെന്നായിരുന്നു അപ്പോൾ പറഞ്ഞത്. വിജിലൻസ് നിർദ്ദേശം അനുസരിച്ച് തിങ്കളാഴ്ച ഉച്ചയോടെ പരാതിക്കാരി സിവിൽ സ്റ്റേഷനിലെ സ്പെഷ്യൽ തഹസീൽദാരുടെ ഓഫീസിലെത്തി പണം കൈമാറുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ വിജിലൻസ് സംഘം സ്പെഷ്യൽ തഹസീൽദാറെ കൈയോടെ പിടികൂടി. വിജിലൻസ് ഡിവൈ.എസ്.പി വി.ആർ രവികുമാർ, ഇൻസ്‌പെക്ടർമാരായ റിജോ പി.ജോസഫ്, ജെ.രാജീവ്, വിനേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. .