18 വയസ് മുതൽ ഗൾഫിലുള്ള ബിന്ദു സ്വർണമാഫിയയുടെ കണ്ണി? മുളക് വെള്ളം പ്രയോഗിച്ചിട്ടും മുടിക്കുത്തിൽ പിടിച്ചിഴച്ച് തല ഭിത്തിയിൽ ഇടിച്ചു

Tuesday 23 February 2021 10:58 AM IST

ആലപ്പുഴ: വിദേശ മലയാളിയും മാന്നാർ സ്വദേശിയുമായ വീട്ടമ്മയെ, സ്വർണ്ണക്കടത്തുമായി ബന്ധമുള്ള നാലംഗ സംഘം ഇന്നലെ പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനത്തിൽ തട്ടിക്കൊണ്ടു പോയ ശേഷം രാവിലെ പതിനൊന്നോടെ വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിട്ടു. മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് (39) തട്ടിക്കൊണ്ടു പോയത്. ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ ജോലിക്കാരനായ ഭർത്താവ് ബിനോയി (42), സഹോദരൻ ബിജു (37), അമ്മ ജഗദമ്മ (65) എന്നിവരെ തടഞ്ഞുവച്ചായിരുന്നു അതിക്രമം. തലയ്ക്ക് അടിയേറ്റ ജഗദമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമികൾ സ്വർണം ആവശ്യപ്പെട്ടാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ബന്ധുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കവേയാണ് രാവിലെ മുടപ്പല്ലൂരിൽ യുവതിയെ ഇറക്കിവിട്ടത്. തുടർന്ന് ബിന്ദു ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്. വടക്കഞ്ചേരി പൊലീസെത്തി അവശ നിലയിലായ ബിന്ദുവിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി മാന്നാറിലേക്ക് കൊണ്ടുപോയി. വാഹനത്തിൽ നാലു പേരുണ്ടായിരുന്നതായി ബിന്ദു പൊലീസിനോട് പറഞ്ഞു. ആരെയും മുമ്പ് കണ്ടിട്ടില്ല. സ്വർണത്തെക്കുറിച്ചാണ് അക്രമികൾ പ്രധാനമായും ചോദിച്ചത്. ഗൾഫിൽ നിന്ന് നാലു ദിവസം മുമ്പാണ് ബിന്ദു നാട്ടിലെത്തിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വർഷങ്ങളായി ദുബായ് എമറാത്ത് കമ്പനിയിൽ അക്കൗണ്ടന്റാണ് ബിന്ദു. നാട്ടിലെത്തിയ ശേഷം വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. തൊട്ടടുത്ത ദിവസം മൂന്നു പേർ വീട്ടിലെത്തി ഇവരെ ഭീഷണിപ്പെടുത്തി. ദുബായിൽ നിന്നു കൊടുത്തുവിട്ട സ്വർണം കൈമാറണമെന്നായിരുന്നു ആവശ്യം. സ്വർണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ബിന്ദു പറഞ്ഞപ്പോൾ ആളു മാറിപ്പോയതാണെന്ന് പറഞ്ഞ് ഇവർ തിരികെപ്പോയി. പക്ഷേ, ഇതിനു ശേഷവും ബിന്ദുവിനെ ഭീഷണിപ്പെടുത്തി വിദേശത്തു നിന്നും അല്ലാതെയും ഫോൺകോളുകൾ വന്നുകൊണ്ടിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലർച്ചെ അക്രമിസംഘം വടിവാൾ, മഴു തുടങ്ങിയ മാരകായുധങ്ങളുമായി വീട്ടിലെത്തിയത്. നായയുടെ നിറുത്താതെയുള്ള കുരയും ഗേറ്റ് തകർക്കുന്ന ശബ്‌ദവും കേട്ടാണ് വീട്ടുകാർ ഉണർന്നത്. മുറിയിലെത്തിയ സംഘം കസേരകളും ഡൈനിംഗ് ടേബിളിന്റെ ഗ്ളാസും തകർത്തു. ബിന്ദുവിന്റെ മുടിക്കുത്തിൽ പിടിച്ചിഴച്ച് തല ഭിത്തിയിൽ ഇടിച്ചു. ബിനോയിയും ബിജുവും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും വടിവാൾ കഴുത്തിൽ വച്ച് നിശബ്ദരാക്കി. ബഹളത്തിനിടെയാണ് ജഗദമ്മയുടെ തലയ്ക്ക് അടിയേറ്റത്.

ഇതിനിടയിൽ ജഗദമ്മ അടുക്കളയിൽച്ചെന്ന് മുളകുവെള്ളം എടുത്ത് അക്രമികളുടെ നേർക്കൊഴിച്ചെങ്കിലും അവർ കടന്നുകളഞ്ഞു.അക്രമം നടക്കുമ്പോൾ താൻ മറ്റൊരു മുറിയിലായിരുന്നെന്നാണ് ബിന്ദുവിന്റെ ഭർത്താവ് ബിനോയി പറയുന്നത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ വീട്ടിലെത്തിയ സംഘം വാതിൽ തകർത്ത് അകത്തു കയറിയതിനു ശേഷം ബിന്ദുവിന്റെ സഹോദരൻ ബൈജുവിന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് ബിന്ദുവും അമ്മയും കയറിയ മുറിയുടെ വാതിൽ തകർത്ത് അകത്തു കയറി ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ചു. ബിന്ദുവിനെ പിടിച്ചുകൊണ്ടു പോകുന്നുവെന്നു പറഞ്ഞ് അമ്മ വാതിലിൽ തട്ടി വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്–' ബിനോയി പറഞ്ഞു.

ജില്ലാ പൊലീസ് സൂപ്രണ്ട് ജി.ജയദേവ്, ഡിവൈ.എസ്.പി ആർ.ജോസ്, സി.ഐ ന്യൂമാൻ, എസ്.ഐ എസ്.രാധാകൃഷ്ണപിള്ള എന്നിവർ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. മാന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി തെരച്ചിൽ തു‌ടങ്ങി.