കതിരൂർ മനോജ് വധം; പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകി
കൊച്ചി: ആർ.എസ്.എസ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന പതിനഞ്ച് പ്രതികൾക്കാണ് സിംഗിൽ ബഞ്ച് ജാമ്യം നൽകിയത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നതുൾപ്പടെയുള്ള കർശന നിബന്ധനകളോടെയാണ് ജാമ്യം.
കൊലപാതകം, വധശ്രമം,ഗൂഢാലോചന എന്നീ കുറ്റങ്ങളും, യുഎപിഎ അനുസരിച്ചുളള ദേശവിരുദ്ധകുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. 2014 സെപ്‌തംബർ ഒന്നിനായിരുന്നു കതിരൂർ മനോജ് സഞ്ചരിച്ച വാഹനത്തിന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വലിച്ചിറക്കി വെട്ടികൊലപ്പെടുത്തിയത്.
കേസ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പിന്നീട് സി.ബി.ഐ ഏറ്റെടുത്തു. 2017 ഓഗസ്റ്റ് 29ന് സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിൽ സി.പി.എം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കമുള്ളവർ കേസിൽ പ്രതികളാണ്. സി.പി. എം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനൻ, തലശേരി ഈസ്‌റ്റ് കതിരൂർ സ്വദേശി കുന്നുമ്മേൽ റിജേഷ്, കട്ട്യാൽ മീത്തൽ മഹേഷ്, കുളപ്പുറത്തുകണ്ടി സുനിൽകുമാർ, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ മംഗലശേരി വി.പി സജിലേഷ് എന്നിവരാണ് കേസിൽ മറ്റ് പ്രധാന പ്രതികൾ.