ബി ജെ പിയിൽ ചേരണമെന്ന് അഭ്യർത്ഥിച്ച് സുരേന്ദ്രൻ വീട്ടിലെത്തിയതായി തോട്ടത്തിൽ രവീന്ദ്രൻ; സുഹൃത്തെന്ന നിലയിലാണ് പോയതെന്ന് സുരേന്ദ്രൻ

Tuesday 23 February 2021 3:03 PM IST

കോഴിക്കോട്: പാർട്ടിയിൽ ചേരണമെന്ന് അഭ്യർത്ഥിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ വന്നു കണ്ടിരുന്നതായി സി പി എം നേതാവും കോഴിക്കോട് മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ. ബി ജെ പിയുമായി യോജിക്കാനാവില്ലെന്ന് താൻ സുരേന്ദ്രനോട് വ്യക്തമാക്കിയതായും അമ്പത് വർഷമായി തനിക്ക് സി പി എമ്മിൽ മെമ്പർഷിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് തോട്ടത്തിൽ രവീന്ദ്രന്റെ കോഴിക്കോട് ചക്കോരത്തുകുളത്തെ വീട്ടിൽ കെ സുരേന്ദ്രൻ എത്തിയത്. ബി ജെ പിയിൽ ചേരണമെന്നായിരുന്നു ആവശ്യം. താനൊരു ഈശ്വരവിശ്വാസിയാണ്, അതേസമയം കമ്യൂണിസ്റ്റുമാണ്. ഈശ്വരവിശ്വാസികൾക്ക് സി പി എമ്മിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

അതേസമയം, തോട്ടത്തിൽ രവീന്ദ്രന്റെ ആരോപണം സുരേന്ദ്രൻ നിഷേധിച്ചു. സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നില്ലെന്നും സൂഹൃത്തെന്ന നിലയിലാണ് സന്ദർശിച്ചതെന്നുമാണ് സുരേന്ദ്രന്റെ പ്രതികരണം. തോട്ടത്തിൽ രവീന്ദ്രൻ നിലവിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗമാണ്.വിശ്വാസ കാര്യത്തിലുളള നിലപാട് മുമ്പും തുറന്നു പറഞ്ഞിട്ടുളള തോട്ടത്തിൽ രവീന്ദ്രൻ രണ്ടു വട്ടം ഗരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.