'ഇടതുപക്ഷ സർക്കാരിനെതിരായ അന്വേഷണങ്ങൾ എന്തുകൊണ്ടാണ് ഇഴഞ്ഞു നീങ്ങുന്നത്?'; ഈ കേസുകൾ ബിജെപി മന്ദഗതിയിലാക്കാൻ ഒരു കാരണമേയുള്ളൂവെന്ന് രാഹുൽ ​ഗാന്ധി

Tuesday 23 February 2021 11:22 PM IST

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരായ കേസുകളുടെ അന്വേഷണം എന്തുകൊണ്ടാണ് ഇഴഞ്ഞു നീങ്ങുന്നതെന്നും ഇ.ഡിയും സി.ബി.ഐയും എന്തുകൊണ്ടാണ് ഇവരെ ആക്രമിക്കാത്തെതെന്നും രാഹുൽ ഗാന്ധി എം.പി. ബി.ജെ.പിക്കെതിരായി സംസാരിച്ചാൽ നിങ്ങൾ ആക്രമിക്കപ്പെടും. അവരുടെ പ്രത്യയശാസ്ത്രങ്ങൾക്കുമെതിരെ പോരാടുന്ന തന്നെ ഓരോ നിമിഷവും ആക്രമിക്കുകയാണ്. ബി.ജെ.പി എന്തുകൊണ്ടാണ് ഇടതുപക്ഷ സർക്കാരിന്റെ കേസുകൾക്കെതിരെ സാവധാനം നീങ്ങുന്നതെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസിലായി കാണുമെന്നും ശംഖുമുഖം കടപ്പുറത്തെ ഐശ്വര്യകേരളയാത്രയുടെ സമാപനവേദിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

എനിക്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്. ഇടതുപക്ഷ സർക്കാരിനും കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരാൾക്കെതിരെയുമുള്ള കേസന്വേഷണം എന്തുകൊണ്ടാണ് ഇഴഞ്ഞു നീങ്ങുന്നത്? സി.ബി.ഐയും ഇ.ഡിയും എന്തുകൊണ്ട് ഇടതുപക്ഷ സർക്കാരിനെ ആക്രമിക്കുന്നില്ല? നിങ്ങൾ ബി.ജെ.പിയ്‌ക്കെതിരെ പോരാടിക്കൊണ്ടിരുന്നാൽ നിങ്ങൾ എല്ലായിപ്പോഴും ആക്രമിക്കപ്പെടുമെന്നും രാഹുൽ പറഞ്ഞു.

ഞാൻ ബി.ജെ.പിക്കെതിരാണ്. ഞാൻ ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിനെതിരെ ഓരോ ദിവസവും പോരാടുന്നു. എന്നാൽ ഓരോ നിമിഷവും ബി.ജെ.പി എന്നെ ആക്രമിക്കുകയാണ്. ബി.ജെ.പി എന്തുകൊണ്ടാണ് ഇടതുപക്ഷ സർക്കാരിന്റെ കേസുകൾക്കെതിരെ സാവധാനം നീങ്ങുന്നതെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസിലാക്കാവുന്നതെയുളളുവെന്നും രാഹുൽ പറഞ്ഞു.