യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണത്തിന് ഇഡിയും, കസ്റ്റംസ് ഇന്ന് വീണ്ടും മാന്നാറിലെത്തിയേക്കും

Wednesday 24 February 2021 7:41 AM IST

ആലപ്പുഴ: മാന്നാർ സ്വദേശിനി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിന്റെ റിപ്പോർട്ട് ഇന്ന് കസ്റ്റംസിന് കൈമാറിയേക്കും. സ്വർണക്കടത്തിനെക്കുറിച്ചാണ് കസ്റ്റംസ് അന്വേഷിക്കുക. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പൊലീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാന്നാറിലെത്തിയ കസ്റ്റംസ് സംഘം പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. കസ്റ്റംസ് സംഘം ഇന്ന് വീണ്ടും മാന്നാറിലെത്തിയേക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന് സഹായം ചെയ്തുകൊടുത്ത നാട്ടുകാരനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്.പ്രതികളെക്കുറിച്ച് വ്യക്തമായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.തിങ്കളാഴ്ച പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്.

മലപ്പുറം സ്വദേശിയും ദുബായിൽ സ്വർണക്കടത്ത് ഇടനിലക്കാരനുമായ ഹനീഫ്, പൊന്നാനി സ്വദേശി രാജേഷ് എന്നിവരെ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നതെന്നാണ് സൂചന. ദുബായിൽ വച്ച് ഹനീഫാണ് തന്നെ പൊതി ഏൽപ്പിച്ചതെന്നും, സ്വർണം ആണെന്ന് അറിഞ്ഞതോടെ മാലി എയർപോർട്ടിൽ ഉപേക്ഷിച്ചെന്നുമാണ് ബിന്ദു പൊലീസിനോട് പറഞ്ഞത്.