തെക്കു നിന്നുകൊണ്ട് വടക്കിനെതിരെ രാഹുൽ വിഷം വമിപ്പിക്കുന്നു; വിഭജിച്ച് ഭരിക്കാനുളള ശ്രമം നടക്കില്ലെന്ന് ജെ പി നഡ്ഢ

Wednesday 24 February 2021 10:18 AM IST

ന്യൂഡൽഹി: ഐശ്വര്യ കേരള യാത്രയുടെ സമാപന വേദിയിൽ രാഹുൽഗാന്ധി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി ദേശീയ നേതൃത്വം രംഗത്ത്. വിഭജിച്ച് ഭരിക്കാനുളള ശ്രമം നടക്കില്ലെന്നും തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ രാഹുൽ ഗാന്ധി വിഷം വമിപ്പിക്കുകയാണെന്നും ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഢ ആരോപിച്ചു.

'പതിനഞ്ച് വർഷം ഉത്തരേന്ത്യയിൽ നിന്നുളള എം പിയായിരുന്നു. അവിടെ വ്യത്യസ്ത രാഷ്ട്രീയമായിരുന്നു. കേരളത്തിലേക്കുളള വരവ് വളരെയധികം ഉന്മേഷദായകമായിരുന്നു. പ്രശ്‌നങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നവരാണ് ഇവിടെയുളളവർ. വയനാടിനെയും കേരളത്തെയും ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് സമീപകാലത്ത് അമേരിക്കയിലെ വിദ്യാർത്ഥികളോട് ഞാൻ പറഞ്ഞിരുന്നു'എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.

ഇതിനെതിരെയാണ് ജെ പി നഡ്ഢ രംഗത്തെത്തിയിരിക്കുന്നത്. കുറച്ചുദിവസങ്ങൾക്കുമുമ്പ് വടക്കുകിഴക്ക് നിന്നുകൊണ്ട് തെക്കോട്ട് വിഷം വമിപ്പിച്ചു. ഇപ്പോൾ തെക്കുനിന്ന് വടക്കോട്ട്. വിഭജിച്ച് ഭരിക്കാനുളള നീക്കം ജനം തളളിക്കളയും. അതിന്റെ ഉദാഹരണമാണ് ഗുജറാത്തിലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലമെന്നും നഡ്ഢ പറഞ്ഞു.

മുൻ മണ്ഡലമായ അമേഠിയേയും ഉത്തരേന്ത്യയേയും രാഹുൽ അപമാനിക്കരുതായിരുന്നെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ദക്ഷിണേന്ത്യയെയും കോൺഗ്രസ് രഹിതമാക്കാനുളള ശ്രമമാണ് രാഹുലിന്റേതെന്ന് ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു. പതിനഞ്ച് വർഷം അമേഠിയിൽ നിന്നുളള എം പിയായിരുന്നു എന്ന കാര്യം രാഹുൽ മറക്കരുതെന്നായിരുന്നു സ്‌മൃതി ഇറാനി പറഞ്ഞത്.