ചെന്നിത്തലയുടെ യാത്ര തുടങ്ങിയത് ജനുവരി അവസാനം, എം ഒ യു ഒപ്പിട്ടത് ഫെബ്രുവരി രണ്ടിന്; പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മേഴ്‌സിക്കുട്ടിയമ്മ

Wednesday 24 February 2021 4:46 PM IST

കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാർ ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എൻ പ്രശാന്തിനുമെതിരെ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് നുണ പ്രചരണം നടത്തുന്നുവെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മേഴ്‌സിക്കുട്ടിയമ്മ ആവർത്തിച്ചു.

വിവാദമുണ്ടാക്കാൻ ചെന്നിത്തല ആസൂത്രിത ശ്രമം നടത്തുകയാണ്. ധാരണാപത്രം ഒപ്പുവച്ചതിൽ ഗൂഢാലോചനയുണ്ട്. ജനുവരി അവസാനമാണ് ചെന്നിത്തലയുടെ യാത്ര തുടങ്ങിയത്. ഫെബ്രുവരി രണ്ടിന് എം ഒ യു ഒപ്പിട്ടു. അതെന്തിനായിരുന്നുവെന്നും എൻ പ്രശാന്ത് ഐ എ എസിന് ഇതിലെന്താണ് താൽപ്പര്യമെന്നും മന്ത്രി ചോദിച്ചു.

പ്രതിപക്ഷ നേതാവും പ്രശാന്തും തമ്മിലുളള ബന്ധം വിവാദത്തിൽ സർക്കാർ സംശയിക്കുന്നുണ്ട്. എങ്ങനെ ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടു എന്നത് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിൽ എല്ലാം വ്യക്തമാകും. പിന്നിലെ മുഴുവൻ കാര്യങ്ങളും പുറത്ത് കൊണ്ടുവരും. കരാറിൽ കേരളത്തിന്റെ നയത്തിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടന്നു. പ്രതിപക്ഷ നേതാവിന് പങ്കുണ്ടെന്ന് ഇപ്പോൾ പറയുന്നില്ല. അന്വേഷണം നടക്കുകയാണെന്നും കർശന നടപടി എടുക്കണമെന്നും മന്ത്രി പറഞ്ഞു.