ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് പ്രവ‍ർത്തകൻ വെടിയേറ്റ് മരിച്ചു

Thursday 25 February 2021 12:52 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം മെദിനിപൂർ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. തുടർന്ന് നടന്ന ബോംബാക്രമണത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സൗവിക് ദൊലായ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബോംബേറിൽ പരിക്കേറ്റവരെ മിഡ്നാപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്രാപൂരിൽ റോഡിന് സമീപത്തായി ഇരിക്കുകയായിരുന്നു നാലുപേരും. ഇവിടേക്ക് ബൈക്കിലെത്തിയ അക്രമിസംഘം ഇവരുടെ നേർക്ക് വെടിവയ്ക്കുകയും ബോംബെറിയുകയുമായിരുന്നു. 24കാരനായ ദുലായ് സംഭവസ്ഥലത്തുവച്ച് മരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി ആക്രമണം അഴിച്ചുവിടുന്നുവെന്ന് തൃണമൂൽ ജില്ലാ പ്രസിഡന്റ് ആരോപിച്ചു. എന്നാൽ രണ്ട് ടി.എം.സി സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.