യുവനടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ഹർജി തള്ളി

Thursday 25 February 2021 11:20 AM IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി തള്ളി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു മൊഴി മാറ്റുകയാണെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഹർജി നൽകിയത്. പ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ദിലീപ് ശ്രമിച്ചെന്നും, വ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ, ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്‌പദമാണെന്നുമാണ് ദിലീപ് വാദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ യുടെ ഓഫീസ് സെക്രട്ടറി കോട്ടാത്തല പ്രദീപ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദിലീപിനു വേണ്ടിയാണ് വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്ന നിലപാടാണ് പ്രോസിക്യൂഷനുള്ളത്.