മനോഹരമായ ഈ മുല്ലപ്പൂവിന് പിന്നിൽ അമ്മയുടെയും മകളുടെയും അതിമനോഹരമായ ഒരു കഥയുണ്ട്

Thursday 25 February 2021 12:51 PM IST

ലോകത്തിലെ ഏറ്റവും മഹത്തരമായ, കളങ്കമില്ലാത്ത സ്‌നേഹമാണ് മാതൃസ്‌നേഹം. ഇഷ്ടപ്പെട്ടതെല്ലാം ത്യജിച്ച് മക്കൾക്കായി ജീവിക്കുന്ന ഒരുപാട് അമ്മമാരുണ്ട്. ഇപ്പോഴിതാ സന്ധിവേദനപോലും കൂസാതെ മണിക്കൂറുകളോളം ഇരുന്ന് ഒരു അമ്മ മകൾക്കായി തയ്യാറാക്കിയ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എന്താണ് ആ സമ്മാനം എന്നല്ലേ? മുല്ലപ്പൂവാണ് ആ സമ്മാനം. മുല്ലപ്പൂവ് ഉണ്ടാക്കാൻ മണിക്കൂറുകളോ! അതെന്ത് മുല്ലപ്പൂവ് എന്നല്ലേ ചിന്തിക്കുന്നത്. എങ്കിൽ കേട്ടോളൂ ഇതൊരു സാധാരണ മുല്ലപ്പൂവ് അല്ല, ഇതിനൊരു പ്രത്യേകതയുണ്ട്.

ഒറ്റനോട്ടത്തിൽ മുല്ലപ്പൂവാണെന്ന് തോന്നുവെങ്കിലും, സൂക്ഷിച്ചുനോക്കിയാൽ കാര്യം മനസിലാകും. ടിഷ്യൂ പേപ്പർ കൊണ്ടാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ട്വിറ്റർ ഉപഭോക്താവായ സുരേഖ പിള്ളയാണ് മുല്ലപ്പൂവിന്റെയും, അതിലും മനോഹരമായ അമ്മയുടെ സ്‌നേഹത്തെക്കുറിച്ചും പങ്കുവച്ചിരിക്കുന്നത്.

തനിക്കായി അമ്മ ടിഷ്യൂ പേപ്പർ കൊണ്ട് തയ്യാറാക്കിയ മുല്ലപ്പൂവാണിതെന്നും, ഇതുവരെ താൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായതാണ് ഇതെന്നും സുരേഖ പറയുന്നു. മുല്ലപ്പൂ ചൂടി നിൽക്കുന്ന ചിത്രവും അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.