വഴക്കിനിടെ ഗർഭിണിയായ ഭാര്യയെ കൊന്ന് യുവ എഞ്ചിനീയർ; മൃതദേഹത്തിനൊപ്പം ഇരുന്നത് രണ്ട് ദിവസം

Thursday 25 February 2021 12:55 PM IST

ഗ്രേ‌റ്റർ നോയ്‌ഡ: മറ്റൊരു പുരുഷനൊപ്പം ഭാര്യയെ കണ്ടെന്ന പേരിൽ ഭാര്യയെ കൊലപ്പെടുത്തി. ശേഷം മൃതദേഹത്തോടൊപ്പം രണ്ട് ദിവസം ഇരുന്ന പ്രതി പിന്നീട് പൊലീസിന് കീഴടങ്ങി. ഉത്തർപ്രദേശിലെ ഗ്രേ‌റ്റർ നോയ്‌ഡയിലാണ് സംഭവം. 28 വയസുകാരനായ യുവ എഞ്ചിനീയറാണ് ഗർഭിണിയായ 25കാരിയായ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഒപ്പമിരുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പത്ത് മാസം മുൻപാണ് എഞ്ചിനീയറായ രജനീകാന്ത് ദീക്ഷിത് 25കാരിയായ ഖുഷിയെ വിവാഹം ചെയ്‌തത്. ശേഷം ഗ്രേ‌റ്റർ നോയിഡയിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഖുശി ഗർഭിണിയായി. ഒരിക്കൽ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ രജനീകാന്ത് ഭാര്യയ്‌ക്കൊപ്പം മ‌റ്റൊരു പുരുഷനെ കണ്ടു. വൈകാതെ ഇരുവരും തമ്മിൽ ഇതേചൊല്ലി തർക്കമുണ്ടായി. പി‌റ്റേ ദിവസവും ഇക്കാര്യത്തിൽ വഴക്കുണ്ടാകുകയും ഇതിനിടെ കഴുത്ത് ഞെരിച്ച് ഖുഷിയെ രജനീകാന്ത് കൊലപ്പെടുത്തി.

കൊലയ്‌ക്ക് ശേഷം മൃതദേഹം ഉപേക്ഷിക്കാനും മറവ് ചെയ്യാനും വഴികൾ തേടിയെങ്കിലും സാധിക്കാതെ വന്നതോടെയാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാ‌റ്റി. മരിച്ച പെൺകുട്ടിക്ക് രജനീകാന്തിനെ പരിചയപ്പെടും മുൻപ് ഹരിയാന സ്വദേശിയായ മ‌റ്റൊരാളുമായി ബന്ധമുണ്ടായതായി അന്വേഷണത്തിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.