ഉടൻ രാജിവയ്ക്കില്ലെന്ന് ഒലി

Friday 26 February 2021 2:18 AM IST

കാഠ്​മണ്ഡു: ഉടൻ രാജിവെക്കാനില്ലെന്ന്​ നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി. പാർലമെന്റ് പിരിച്ചുവിട്ടത്​ ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയെ തുടർന്നാണിത്. ഉത്തരവുപ്രകാരം രണ്ടാഴ്​ചക്കുള്ളിൽ പാർലമെന്റ്​ യോഗം വിളിച്ചുകൂട്ടി തുടർനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 275 അംഗ പാർലമെന്റ് പിരിച്ചുവിടാനുള്ള ഒലി മന്ത്രിസഭയുടെ തീരുമാനം ഭരണഘടന വിരുദ്ധമാണെന്ന്​ ചീഫ്​ ജസ്​റ്റിസ്​​ ചോലേന്ദ്ര ഷുംസർ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച്​ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 13 ദിവസത്തിനകം സഭ സമ്മേളിക്കാനും ഉത്തരവിട്ടു. ''സുപ്രീംകോടതി വിധി രാജ്യത്തെ രാഷ്​ട്രീയ പ്രതിസന്ധി വർധിപ്പിക്കും. എന്നാൽ, അത്​ നടപ്പാക്കുന്നത് തങ്ങളുടെ കടമയാണ് - ഒലിയുടെ മാദ്ധ്യമ ഉപദേഷ്​ടാവ്​ സൂര്യ തപ പ്രതികരിച്ചു.