ഗോഡ്‌സെ 'ഭക്തൻ' കോൺഗ്രസിൽ ചേർന്നു

Friday 26 February 2021 12:12 AM IST

ഭോപ്പാൽ: ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ കടുത്ത ആരാധകൻ ബാബു ലാൽ ചൗരസ്യ കോൺഗ്രസിൽ ചേർന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണിത്. നേരത്തെ കോൺഗ്രസ് അംഗമായിരുന്ന ചൗരസ്യ പിന്നീട് ഹിന്ദുമഹാസഭയിൽ ചേർന്ന് ഗോഡ്‌സെയുടെ സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.

മുൻ മുഖ്യമന്ത്രി കമൽനാഥാണ് ബാബുലാലിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ബാബുലാലിന് അംഗത്വം നല്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. രാജീവ് ഗാന്ധിയുടെ ഘാതകർക്ക് രാഹുൽ ഗാന്ധി മാപ്പ് നൽകിയത് ചൂണ്ടിക്കാട്ടിയാണ് ബാബുലാൽ ചൗരസ്യയുടെ കോൺഗ്രസ് പ്രവേശനത്തെ മദ്ധ്യപ്രദേശ് ഘടകം ന്യായീകരിക്കുന്നത്. ഗോഡ്‌സെയെ ആരാധിച്ചയാൾ ഇപ്പോൾ ഗാന്ധിയെയും ആരാധിക്കുന്നുവെന്ന് കോൺഗ്രസ് എം.എൽ.എ പ്രവീൺ പഥക് പറഞ്ഞു.

മറ്റുചിലർ നിർബന്ധിച്ചതിനാലാണ് ഗോഡ്‌സെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തതെന്നും ഇപ്പോൾ താൻ കുടുംബത്തിലേക്ക് തിരിച്ചെത്തിയെന്നും ബാബുലാൽ പ്രതികരിച്ചു.

ഗോഡ്‌സെയുടെ അവസാനത്തെ കോടതി പ്രസ്താവന ഒരു ലക്ഷം പേർക്ക് വിതരണം ചെയ്യുമെന്ന് ബാബുലാൽ പ്രതിജ്ഞയെടുത്തത് വലിയ വാർത്തയായിരുന്നു. ബാബുലാൽ കോൺഗ്രസിൽ ചേർന്നതിനെ ബി.ജെ.പി പരിഹസിച്ചു.