അരുൺ ലോഹിതാക്ഷൻ ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം: പുതുക്കാടിന് അഭിമാന നേട്ടം

Friday 26 February 2021 12:55 AM IST
അരുണ്‍ ലോഹിതാക്ഷന്‍

പുതുക്കാട്: സതേൺ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടിംഗ് കമ്മിറ്റി അംഗമായി പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയും കേച്ചേരി വിദ്യ എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകനുമായ അരുൺ ലോഹിതാക്ഷനെ തിരഞ്ഞെടുത്തു. 2023 വരെ ആണ് നിയമന കാലാവധി. 2012 മുതൽ പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയാണ്.

ചെറിയ റെയിൽവേ സ്റ്റേഷനുകളുടെ വരുമാനം ഏങ്ങനെ വർദ്ധിപ്പിക്കാം എന്ന പ്രബന്ധം അരുണിന്റെ പേരിലാണ്. നാഷണൽ സർവീസ് സ്‌കീം വിദ്യാർത്ഥികളെ സംയോജിപ്പിച്ച് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, യു.ടി.എസ് ആപ്പ് അവബോധം എന്നീ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിലും ശ്രദ്ധ നേടിയിട്ടുണ്ട്. പുതുക്കാട് പാഴായി കോപ്പാട്ടിൽ ലോഹിതാക്ഷൻ ഉഷ ദമ്പതികളുടെ മകനാണ് അരുൺ. കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജ് എം ടെക് വിദ്യാർത്ഥിനി ഉണ്ണിമായ ആണ് ഭാര്യ. മകൻ അദ്വൈത്. ഇൻഫോപാർക്ക് ഐ.ടി എൻജിനിയർ കിരൺ സഹോദരനാണ്.