വ്യാപാര സംഘടനകളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ബാധകമല്ലെന്ന് സംഘടനകൾ

Friday 26 February 2021 6:44 AM IST

ന്യൂഡൽഹി: ഇന്ധനവില വർദ്ധന, ജി എസ് ടി, ഇ-വേ ബിൽ തുടങ്ങിയവയിൽ പ്രതിഷേധിച്ച് വ്യാപാര സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തിൽ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുളള ട്രാൻസ്‌പോർട്ട് സംഘടനകൾ ഒന്നും തന്നെ ബന്ദിൽ പങ്കെടുക്കുന്നില്ല.

രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദിന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓൾ ഇന്ത്യ ട്രാൻസ്‌പോർട്ട് വെൽഫെയർ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാൽപതിനായിരത്തോളം സംഘടനകളിൽ നിന്നായി എട്ട് കോടി പേർ സമരത്തിന്റെ ഭാഗമാകുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടെ കേരളം ഒഴികെയുളള സംസ്ഥാനങ്ങളിൽ വിപണികൾ സ്‌തംഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.