പ്രണയം നടിച്ച് പീഡിപ്പിച്ചു, പിന്നെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു, കേസിൽ 25 പ്രതികൾ, പതിനേഴുകാരിയുടെ വീട്ടുകാർക്കെതിരെയും അന്വേഷണം

Friday 26 February 2021 10:52 AM IST

ആളൂർ : പ്രണയം നടിച്ച് യുവാവും സുഹൃത്തുക്കളും ചേർന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചതായി പരാതി. ആളൂർ സ്വദേശികൾക്ക് പുറമെ എറണാകുളം, മലപ്പുറം ജില്ലകളിലെ നിരവധി പേരാണ് പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൊത്തം 25 പ്രതികൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് പലതവണയായാണ് പീഡനം നടത്തിയതെന്നും പൊലീസ് പറഞ്ഞു . ഇരുപതോളം പേരെ തിരിച്ചറിഞ്ഞതായും പറയുന്നു. ഇതിൽ പന്ത്രണ്ട് പേർ ആളൂർ സ്വദേശികളാണ്. ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പെൺകുട്ടിയുടെ വീട്ടുകാർക്ക് നേരത്തെ വിവരം അറിയാമായിരുന്നോ, അവർ മറച്ചുവയ്ക്കുകയായിരുന്നോ മറ്റെന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ ബന്ധുകളിൽ ആരെങ്കിലും ചെയ്തു നൽകിയിരുന്നോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു തിരിച്ചറിയൽ പരേഡ് നടത്താനുള്ള നീക്കത്തിലാണ് പൊലീസ്.