ഒടുവിൽ രഹസ്യം പുറത്ത്: വാരിയംകുന്നൻ ആകുന്നത് തെന്നിന്ത്യയിലെ പ്രമുഖ നടൻ, ലൊക്കേഷൻ വിവരങ്ങൾ പങ്കുവച്ച് അലി അക്‌ബർ

Friday 26 February 2021 3:29 PM IST

മലബാർ ലഹളയെ ആസ്‌പദമാക്കി അലി അക്‌ബർ സംവിധാനം ചെയ്യുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫേസ്ബുക്കിലൂടെ അലി അക്‌ബർ തന്നെയാണ് വിവരങ്ങൾ പങ്കുവച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത് തമിഴിലെ പ്രമുഖ നടനായ തലൈവാസൽ വിജയ് ആണ്.

അലി അക്‌ബറിന്റെ ഫേസ്ബുക്ക് ലൈവിലൂടെ വിജയ് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഷൂട്ടിംഗ് നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും, എല്ലാവരുടെയും സഹകരണം ഇനിയും ആവശ്യമാണെന്നും അലി അക്‌ബർ പറഞ്ഞു.

'ഒരു നടൻ എന്ന നിലയിൽ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്റെതെന്നാണ് തലൈവാസൽ വിജയ്‌യുടെ പ്രതികരണം. 'മനോഹരമായ ചിത്രമാണിത്. ഞാൻ 200-300 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ചില സിനിമകളിലെ കഥാപാത്രങ്ങളോട് നമുക്ക് ആവേശം തോന്നും. വലിയ താൽപര്യമായിരിക്കും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ. ഇത് അത്തരത്തിലുള്ള ഒരു സിനിമയാണ്. എന്റെ കരിയറിലെ പ്രധാന സിനിമകളിൽ ഒന്ന്'.

വയനാട്ടിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. 30 ദിവസം നീളുന്നതാണ് ഷെ‌ഡ്യൂൾ എന്ന് സംവിധായകൻ വ്യക്തമാക്കി.