ന്യായമായ സമയത്ത് വിചാരണക്ക് വിധേയനാക്കിയില്ല; ക്രിസ്‌റ്റ്യൻ മിഷേലിനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്‌ട്ര സംഘടനാ സമിതി
ന്യൂഡൽഹി: അഗസ്‌റ്റാ വെസ്‌റ്റ്ലാൻഡ് ഹെലികോപ്‌റ്റർ ഇടപാട് കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ആയുധ ഇടപാട് ഇടനിലക്കാരൻ ക്രിസ്‌റ്റ്യൻ മിഷേലിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്‌ട്ര സഭയ്‌ക്കു കീഴിൽ പ്രവർത്തിക്കുന്ന സംഘടന. രാജ്യങ്ങൾ നിയമവിരുദ്ധമായ തടവിലാക്കൽ നടത്തുന്നതിനെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് മിഷേലിന്റെ മോചനം ആവശ്യപ്പെട്ടത്.
മിഷേലിന്റെയും ഇന്ത്യയുടെയും അഭിഭാഷകരുടെയും വാദത്തിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് തെറ്ര് പറ്റിയെന്നും സിവിൽ, രാഷ്ട്രീയ അവകാശങ്ങളുടെ ലംഘനം ഇന്ത്യ നടത്തിയെന്നുമാണ് സംഘടന അറിയിച്ചത്. മിഷേലിനെ പിടിച്ച് ഇന്ത്യയ്‌ക്ക് കൈമാറിയത് യുഎഇയുടെ ഭാഗത്ത് നിന്നുമുളള നിയമവിരുദ്ധമായ നടപടിയാണെന്നും യു എൻ സംഘടന പറയുന്നു.
ദുബായിൽ താമസക്കാരനായ ക്രിസ്‌റ്റ്യൻ മിഷേലിനെ 2018 ഡിസംബർ 4ന് അറസ്‌റ്റ് ചെയ്‌ത യുഎഇ ഭരണകൂടം ഇന്ത്യയ്‌ക്ക് കൈമാറി. തുർന്ന് സിബിഐ, ഇഡി എന്നിവരുടെ കസ്‌റ്റഡിയിലായ മിഷേൽ പിന്നീട് ജുഡീഷ്യൽ കസ്‌റ്റഡിയിലായി.അന്നുമുതൽ ഡൽഹി തീഹാർ ജയിലിൽ തടവിലാണ്. എന്നാൽ ഈ തടവെല്ലാം മതിയായ തെളിവില്ലാതെയാണെന്ന് കാട്ടി മിഷേലിന്റെ അഭിഭാഷകർ ആൽജോ കെ.ജോസഫ്, സിമെറേ ആന്റ് ഫിനെല്ലെ എന്നിവർ യുഎൻ-ഡബ്ളുജിഎഡിയെ സമീപിച്ചു. എന്നാൽ രാജ്യത്ത് വിവാദമായ അഗസ്‌റ്റാ വെസ്‌റ്റ്‌ലാന്റ് ഹെലികോപ്‌റ്റർ കേസിൽ ഇയാൾ ഇടനിലക്കാരനായി പങ്കാളിയാണെന്ന് 2010 മുതൽ കേന്ദ്ര സർക്കാർ കണ്ടെത്തിയതാണ്.
ഇന്ത്യയുടെ നടപടി നിയമലംഘനമെന്ന് അഭിപ്രായപ്പെട്ട സംഘടന ക്രിസ്‌റ്റ്യൻ മിഷേലിന്റെ മോചനത്തിന് യുഎഇക്കും ഉത്തരവാദിത്വമുണ്ടെന്ന് അറിയിച്ചു. മനുഷ്യത്വ രഹിതവും കുറ്റമേൽക്കാൻ നിർബന്ധിക്കുന്നതുമായ സാഹചര്യമാണ് ഇന്ത്യയിലും യുഎഇയിലുമുണ്ടായതെന്നും ദേശീയ അന്താരാഷ്‌ട്ര നിയമങ്ങൾ തടവുകാർക്ക് അനുവദിക്കുന്ന അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നുമാണ് സംഘടനയുടെ കണ്ടെത്തൽ. വിഷയത്തിൽ ഇന്ത്യ, യുഎഇ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും നിയമപ്രകാരം മിഷേലിന്റെ മോചനത്തിന് സാദ്ധ്യമാകുന്ന നടപടികൾ എടുക്കണമെന്നുമാണ് യുഎൻ-ഡബ്ളുജിഎഡിയുടെ അഭിപ്രായം.