യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

Saturday 27 February 2021 7:20 AM IST

തിരുവനന്തപുരം: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ആറ്റുകാൽ പാടശേരി പണയിൽ വീട്ടിൽ ശരത് കുമാറിനെയാണ് (25) കരമന പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ 24ന് രാത്രി 11ന് കരമന കീഴാറന്നൂർ സ്വദേശിയായ അരുൺ ബാലുവിനെയും കൂട്ടുകാരായ മറ്റ് നാലുപേരെയും ശരത്കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം ആക്രമിച്ചത്. ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുകയായിരുന്നു യുവാക്കൾ. പ്രതികൾ കീഴാറന്നൂർ ട്രാൻസ്‌ഫോർമറിന് സമീപം പാർക്ക് ചെയ്‌തിരുന്ന ഒരു വാഹനത്തിന്റെ ചില്ല് അടിച്ച് തകർക്കുന്നത് യുവാക്കൾ ചോദ്യം ചെയ്‌തിരുന്നു. ഇതിൽ പ്രകോപിതരായാണ് പ്രതികൾ ബിയർ കുപ്പിയും ട്യൂബ് ലൈറ്റും ഉപയോഗിച്ച് യുവാക്കളെ ആക്രമിച്ചത്. ഒളിവിൽ പോയ പ്രതികളിൽ ഒന്നാം പ്രതിയായ ശരതിനെ കരമന എസ്.എച്ച്.ഒ പ്രശാന്ത് കുമാർ, എസ്.ഐമാരായ പ്രതീഷ് കുമാർ, രാധാകൃഷ്ണൻ, സി.പി.ഒമാരായ പ്രിയൻ, സജികുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇന്നലെ അറസ്റ്റുചെയ്‌തത്. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകളിൽ പ്രതിയായ ശരത്ത് ഗുണ്ടാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു. മറ്റ് പ്രതികൾക്കുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.