'ഹാഗിയ സോഫിയ ലേഖനം തെ‌റ്റിദ്ധരിക്കപ്പെട്ടു, പാണക്കാട് കുടുംബത്തിന് ക്രൈസ്‌തവ വിഭാഗത്തോട് സ്നേ‌ഹവും ആദരവും മാത്രം'

Saturday 27 February 2021 12:12 PM IST

മലപ്പുറം: ഹാഗിയ സോഫിയ ലേഖനത്തിൽ വിശദീകരണവുമായി പാണക്കാട് സയീദ് സാദിഖ് അലി ഷിഹാബ് തങ്ങൾ. ക്രൈസ്‌ത വിഭാഗങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല തന്റെ ലേഖനം. 'ചന്ദ്രിക'യിൽ താനെഴുതിയ ലേഖനത്തിന് കാരണമായ സാഹചര്യമിതാണ്. അന്ന് തുർക്കിയിലെ ഹാഗിയ സോഫിയ മുസ്ളീം പള‌ളിയാക്കാൻ കോടതി വിധി വന്നിരുന്നു. അന്നത്തെ വിധിയിലെ പ്രസക്‌തമായ കാര്യങ്ങൾ എഴുതുക മാത്രമാണ് ചെയ്‌തത്. പാണക്കാട് കുടുംബത്തിന് ക്രൈസ്‌തവ വിഭാഗങ്ങളോട് എന്നും സ്‌നേഹവും ആദരവും മാത്രമാണുള‌ളതെന്ന് അഭിപ്രായപ്പെട്ട സയീദ് സാദിഖ് അലി ഷിഹാബ് തങ്ങൾ സംസ്ഥാനത്തെ ക്രൈസ്‌തവ വിഭാഗങ്ങളുടെ ആവശ്യം യുഡിഎഫ് അനുഭാവപൂർ‌വം പരിശോധിക്കുമെന്നും അറിയിച്ചു.

ഹാഗിയ സോഫിയയിൽ താൻ പോയിട്ടുണ്ട്. ആദ്യം അവിടെ ക്രൈസ്‌തവ ദേവാലയമായിരുന്നു. പിന്നെ മുസ്ളിം ഭരണം വന്നതോടെ മുസ്ളിം പള‌ളിയായി മാറി. എന്നാൽ അതാ തുർക്കിന്റെ കാലത്ത് ഇത് മ്യൂസിയമാക്കി. അവിടെ ഇപ്പോഴും യേശുവിന്റെയും മറിയത്തിന്റെയും ചിഹ്നങ്ങളുണ്ട്. അത് മാ‌റ്റിയിട്ടില്ലെന്നും സയീദ് സാദിഖ് അലി ഷിഹാബ് തങ്ങൾ പറഞ്ഞു.

ക്രൈസ്‌തവ വിഭാഗങ്ങളോട് പാണക്കാട് കുടുംബത്തിന് എന്നും സ്‌നേഹമാണെന്നും പണ്ട് 1960കളിൽ മലപ്പുറം ടൗണിൽ ആദ്യമായി ക്രിസ്‌ത്യൻ പള‌ളി പണിയുന്നതിന് മുൻകൈയെടുത്തത് തന്റെ പിതാവ് പൂക്കോയ തങ്ങളാണെന്നും സയീദ് സാദിഖ് അലി ഷിഹാബ് തങ്ങൾ പറഞ്ഞു. അന്ന് പ്രദേശവാസികൾ എതിർത്തെങ്കിലും പഞ്ചായത്ത് പ്രസിഡന്റിനെയും മ‌റ്റ് ജനപ്രതിനിധികളെയും വിളിച്ചുവരുത്തി പള‌ളിക്ക് അനുമതി നൽകാൻ പിതാവ് ആവശ്യപ്പെട്ടു.

സയീദ് സാദിഖ് അലി ഷിഹാബ് തങ്ങൾ നേതൃത്വത്തിൽ ലീഗിന്റെ സന്ദേശ യാത്ര ഉടൻ ആരംഭിക്കാനിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് നയിച്ച ഐശ്വര്യകേരള യാത്രക്ക് ശേഷം വലിയ മാ‌റ്റമുണ്ടായതായും തദ്ദേശ തിരഞ്ഞെടുപ്പിൽ സംഭവിച്ച ക്ഷീണത്തിൽ നിന്നും യുഡിഎഫിന് ഏറെ മുന്നോട്ട് പോകാനായെന്നും സയീദ് സാദിഖ് അലി ഷിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. യുഡിഎഫിലേക്ക് ജനപങ്കാളിത്തം കൂടിയിട്ടുണ്ട്. ന്യൂനപക്ഷ സമൂഹങ്ങൾക്ക് അർഹമായ അവകാശങ്ങൾ നടപ്പാക്കി കൊടുക്കണമെന്നതാണ് യുഡിഎഫ് നിലപാടെന്നും സയീദ് സാദിഖ് അലി ഷിഹാബ് തങ്ങൾ പറഞ്ഞു.