രണ്ട് മിനിട്ടിൽ ഇരുപതോളം എഡി‌റ്റുകൾ; അഭിനന്ദൻ വർദ്ധമാനിന്റെ വ്യാജ വീഡിയോ പുറത്തിറക്കി നാണംകെട്ട് പാകിസ്ഥാൻ

Saturday 27 February 2021 4:38 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ വൈമാനികൻ അഭിനന്ദൻ വർദ്ധമാനിന്റെ എഡി‌റ്റ് ചെയ്‌ത പുതിയ വീഡിയോയുമായി പാകിസ്ഥാൻ. സമാധാനത്തെ കുറിച്ചും ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ചും അഭിനന്ദൻ സംസാരിക്കുന്നതായി കാണിക്കുന്ന രണ്ട് മിനുട്ട് മാത്രം ദൈർഘ്യമുള‌ള വീഡിയോ കുറഞ്ഞത് ഇരുപത് തവണയെങ്കിലും എഡി‌റ്റു ചെയ്‌തതാണ്. പാകിസ്ഥാന്റെ സായുധ സേനയുടെ പബ്ളിക്‌ റിലേഷൻസ് വിഭാഗമായ ഐഎസ്‌പി‌ആർ ആണ് ഈ വ്യാജ വീഡിയോ പുറത്തുവിട്ടത്. പാകിസ്ഥാൻ അഭിനന്ദനെ വിട്ടയച്ചതിന്റെ രണ്ടാം വാർഷികം അടുക്കാറാകുമ്പോഴാണ് ഈ പുതിയ വീഡിയോ പുറത്തുവന്നത്.

2019 ഫെബ്രുവരി 14ന് പുൽവാമയിൽ 40 സിആർ‌പിഎഫ് ജവാന്മാർ മരണമടഞ്ഞ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരരുടെ താവളത്തിൽ ഇന്ത്യ തിരിച്ചടി നൽകി. ഇതിനു പ്രതികാരമായി ഇന്ത്യയിൽ പ്രവേശിച്ച പാക് വിമാനങ്ങളെ തുരത്തുമ്പോഴാണ് അഭിനന്ദൻ വർദ്ധമാൻ പറത്തിയ മിഗ്-21 ബൈസൺ യുദ്ധവിമാനം പാകിസ്ഥാനിൽ തകർന്നുവീണത്. ഒരു പാക് യുദ്ധവിമാനം തകർത്ത ശേഷമാണ് വർദ്ധമാന്റെ വിമാനം നിലംപതിച്ചത്. ഫെബ്രുവരി 27നായിരുന്നു അത്. അന്ന് പിടിയിലായിരിക്കെ അഭിനന്ദൻ പറഞ്ഞ കാര്യങ്ങളെ നിരവധി എഡി‌റ്റിംഗ് വരുത്തിയാണ് ഇപ്പോൾ പാകിസ്ഥാൻ പ്രസിദ്ധീകരിച്ചത്.

2019 മാർച്ച് 1ന് അഭിനന്ദനെ തിരികെയെത്തിച്ച നടപടി 'ദയാപൂർവമായ നടപടി'യാണെന്നായിരുന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ വാദം. എന്നാൽ 2019 ഫെബ്രുവരി മാസത്തിൽ പാക് വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിയോട് അഭിനന്ദനെ വിട്ടയച്ചില്ലെങ്കിൽ ഇന്ത്യ തങ്ങളെ ആക്രമിക്കുമെന്ന് കരസേനാ മേധാവി ഖമർ ജാവേദ് ബജ്‌വ അറിയിച്ചതായി പാകിസ്ഥാൻ മുസ്ളിം ലീഗ് നേതാവ് സർദാർ അയാസ് സാദിഖ് പാക് അസംബ്ളിയിൽ അഭിപ്രായപ്പെട്ടിരുന്നു.